മൂവാറ്റുപുഴ: കൊവിഡ് രണ്ടാംതരംഗവ്യാപനം അതിരൂക്ഷമായി വിപണി അടച്ചുപൂട്ടലിലെത്തിയതോടെ പൈനാപ്പിൾ വില ഇടിഞ്ഞു. കർഷകർ കടുത്ത ദുരിതത്തിലായി. റംസാൻ മാസത്തിന്റെ തുടക്കത്തിൽ കിലോയ്ക്ക് 50 രൂപ വരെ കുതിച്ചുയർന്ന പൈനാപ്പിൾവില കഴിഞ്ഞദിവസങ്ങളിൽ 18 രൂപ വരെ എത്തി. പ്രധാന വിപണികളുടെ അടച്ചുപൂട്ടലും നിയന്ത്രണങ്ങളുമാണ് ഇതിന് കാരണമായത്.തൊഴിലാളിക്ഷാമം കൂടിയായതോടെ പൈനാപ്പിൾ കർഷകരുടെ ഭാവി കടുത്ത ആശങ്കയിലായി.

കടുത്ത വേനലും റംസാൻ മാസവും പൈനാപ്പിളിന് കൂടുതൽ ആവശ്യക്കാരെ സൃഷ്ടിക്കുകയും വില 50 രൂപ വരെ ഉയരുകയും ചെയ്തോടെ കർഷകർ സന്തോഷത്തിലായിരുന്നു. എന്നാൽ കൊവിഡിന്റെ രണ്ടാംവ്യാപനം എല്ലാ പ്രതീക്ഷകളേയും തകർത്തെറിഞ്ഞു.

 പൈനാപ്പിൾ വാങ്ങാൻ വ്യാപാരികളെത്തുന്നില്ല

നിലവിൽ പൈനാപ്പിൾ വാങ്ങാൻ വാഴക്കുളം മാർക്കറ്റിൽ വ്യാപാരികൾ എത്തുന്നില്ല. ലോൗച ഡൗൺ കൂടി പ്രഖ്യാപിച്ചതോടെ നില കൂടുതൽ വഷളാിക . വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽനിന്ന് നിത്യേന 150 മുതൽ 200 ലോഡുകൾവരെ കയറ്റിഅയച്ചിരുന്നു. എന്നാൽ ഇപ്പോൾ പേരിന് മാത്രമായി. തുടർച്ചയായ രണ്ടാംവർഷമാണ് കൊവിഡ് മൂലം ഈ മേഖലയ്ക്ക് സീസൺ നഷ്ടമാകുന്നത്. ഇതിനിടെ അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതും പ്രശ്നമായിട്ടുണ്ട്. തൊഴിലാളികൾ ഇല്ലാതായതിനാൽ വിളവെടുക്കാൻ കഴിയാതെ പൈനാപ്പിൾ തോട്ടങ്ങളിൽത്തന്നെ വീണു ചീഞ്ഞു പോകുമോ എന്ന ആശങ്കയും കർഷകർക്കുണ്ട്. കൊവിഡിന്റെ ആദ്യ വരവിൽ പൈനാപ്പിൾ തോട്ടങ്ങളിൽ വിളവെടുക്കാതെ നശിച്ച സമാനമായ അവസ്ഥയാണ് ഇപ്പോളെന്ന് കർഷകർ പറയുന്നു.