നെടുമ്പാശേരി: അത്താണി–എളവൂർ റോഡിൽ പൂക്കൈത വളവിൽ ഇലക്ട്രിക് പോസ്റ്റ് അപകടഭീഷണി ഉയർത്തി നിൽക്കുന്നതായി പരാതി. റോഡ് നവീകരണവുമായി ബന്ധപ്പെട്ട് കാന നിർമാണം തുടങ്ങിയപ്പോൾ മാറ്റിയിട്ടതാണ് ഈ പോസ്റ്റ്. ഇപ്പോൾ പോസ്റ്റ് നിൽക്കുന്നതിനാൽ കാന വളച്ച് നിർമിക്കേണ്ടിവന്നു. പോസ്റ്റിരിക്കുന്ന ഭാഗം റോഡിലേക്ക് കയറിയായതിനാൽ അപകട സാദ്ധ്യതയും ഏറെയാണ്.
നേരത്തെ പണമടച്ച് മാറ്റിയിട്ടതാണ് പോസ്റ്റ്. എന്നാൽ റോഡിന് തടസമാകാത്ത വിധത്തിൽ അകത്തേക്ക് കയറ്റിയിടാതെ റോഡിലിറക്കി പോസ്റ്റ് സ്ഥാപിച്ചുവെന്ന് പൂക്കൈത നഗർ റെസിഡന്റ്‌സ് അസോസിയേഷൻ, രാജപാത സംരക്ഷണസമിതി എന്നിവർ കുറ്റപ്പെടുത്തി.
നേരത്തെ സംയുക്തനഗറിലും ഇത്തരത്തിൽ റോഡിനു കുറുകെയായി പോസ്റ്റ് സ്ഥാപിച്ചു. തെറ്റുപറ്റിയത് കെ.എസ്.ഇ.ബിക്കാണെങ്കിലും മാദ്ധ്യമങ്ങളിൽ വാർത്ത വന്നതിൽ അധികൃതർ പ്രകോപിതരാണ്. പോസ്റ്റ് മാറ്റിയിടണമെങ്കിൽ ഇനി പഞ്ചായത്ത് വീണ്ടും പണമടക്കണമെന്ന വിചിത്ര നിലപാടെടുത്ത് പകപോക്കുകയാണ് കെ.എസ്.ഇ.ബിക്കാർ.