ആലുവ: ലോക്ക് ഡൗണിന്റെ രണ്ടാംദിവസവും റൂറൽ ജില്ലയിൽ പൊലീസ് കർശന നിയന്ത്രണങ്ങളാണ് തുടരുന്നത്. പ്രധാന കവലകളിലെല്ലാം വാഹനങ്ങൾ പരിശോധിച്ചാണ് കടത്തിവിടുന്നത്. അവശ്യ യാത്രക്കാരെ ബുദ്ധിമുട്ടിക്കാത്ത തരത്തിലുള്ള പരിശോധനകളാണ് നടത്തുന്നതെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.

ആലുവ മാർക്കറ്റ് പ്രത്യേക ബാരിക്കേഡുകൾ കെട്ടി തിരിച്ചിട്ടുണ്ട്. രാവിലെ 11 വരെ മാത്രമേ മൊത്ത വില്പനയ്ക്ക് അനുമതിയുള്ളു. 11 ശേഷം മർക്കറ്റിലേക്ക് പ്രവേശനമില്ല. ക്വാറന്റെയിനിൽ കഴിയുന്നവർക്ക് ഭക്ഷണവും മരുന്നും എത്തിക്കുവാനുള്ള സഹായവും പൊലീസ് ചെയ്യുന്നുണ്ട്. മദ്യവില്പന തടയുന്നതിന് റെയിഡുകൾ ശക്തമാക്കി. ക്വാറന്റെയിൻ ലംഘിച്ചതിന് നാലുപേരെ അറസ്റ്റുചെയ്തു. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തതിന് 243 കേസുകൾ രജിസ്റ്റർ ചെയ്തു. 55 പേരെ അറസ്റ്റുചെയ്തു. 160 വാഹനങ്ങൾ കണ്ടുകെട്ടി. മാസ്‌ക് ധരിക്കാത്തതിന് 1444 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 1667 പേർക്കെതിരെയും നടപടിയെടുത്തു.