കൂത്താട്ടുകുളം: കുട്ടികളുടെ ദിനചര്യകൾ കൂടുതൽ സർഗാത്മകമാക്കാൻ കൂത്താട്ടുകുളം ഗവ.യു.പി സ്കൂളിൽ സംഘടിപ്പിക്കുന്ന അവധിക്കാല ഓൺലൈൻ കലാസാഹിത്യ കൂട്ടായ്മ വേനൽപ്പറവകൾ ഇന്ന് രാവിലെ 11ന് തുടങ്ങും. നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കുഞ്ഞുണ്ണി മാഷ് കവിതകളുമായി ഷാജി മാലിപ്പാറയുടെ ക്ലാസ്, 19 വരെയുള്ള ദിവസങ്ങളിൽ സാഹിത്യ പ്രവർത്തകയും റിട്ട. അദ്ധ്യാപികയുമായ സരസമ്മ നയിക്കുന്ന സാഹിത്യസല്ലാപം, ആതുരശുശ്രൂഷാ പ്രഥമ ശുശ്രൂഷ - കാരിത്താസ് ഇന്ത്യയിലെ സിബി പൗലോസിന്റെ ക്ലാസ് , ബാലസാഹിത്യകാരൻ ഹരീഷ് ആർ നമ്പൂതിരിപ്പാടിന്റെ -കഥ പറയാം, ജൈവവൈവിദ്ധ്യം എന്ന വിഷയത്തിൽ റിട്ട. കൃഷി അസി. ഡയറക്ടർ മോഹനൻ, സി.പി. രാജശേഖരൻ, ഡി. ശുഭലൻ കെ.പി. രേഖ, മഞ്ജുമോൾ മാത്യു, ചിത്രകലാകാരന്മാരായ ജയാ ബ്രദേഴ്സ്, യോഗാദ്ധ്യാപകൻ സന്തോഷ് തുടങ്ങിയവർ ക്ലാസ് നയിക്കും.