കൂത്താട്ടുകുളം: മുനിസിപ്പാലിറ്റിയിലും പരിസരപഞ്ചായത്തുകളിലും കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിലവിലുള്ള ചികിത്സ സംവിധാനങ്ങൾ തികയാതെ വരാൻ സാദ്ധ്യതയുണ്ടെന്ന് ആശങ്ക. കൂത്താട്ടുകുളം ടൗണിൽ 250 കിടക്കകളുള്ള എല്ലാ സൗകര്യങ്ങളുമുള്ള രാജീവ്ഗാന്ധി സഹകരണ ആശുപത്രി വെറുതെ കിടക്കുകയാണ്. ഇപ്പോൾ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിന് കീഴിലുള്ള ആശുപത്രി കൊവിഡ് ചികിത്സാകേന്ദ്രമാക്കുവാൻ
ആവശ്യമായ സഹായസഹകരണങ്ങൾ നൽകുവാൻ മേഖലയിലെ 44 റെസിഡന്റ്സ് അസോസിയേഷനുകളും മേഖലാ കമ്മിറ്റിയും തയ്യാറാണെന്ന് അറിയിച്ചു. സഹകരണ ആശുപത്രി കൊവിഡ് ചികിത്സാകേന്ദ്രം ആക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കൂത്താട്ടുകുളം മേഖലാ റെസിഡന്റ്സ് അസോസിയേഷൻ യോഗം കൂത്താട്ടുകുളം മുനിസിപ്പൽ ചെയർപേഴ്സൺ വിജയ ശിവൻ, നിയുക്ത എം.എൽ.എ അനൂപ് ജേക്കബ്, ഡി.എം.ഒ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് എന്നിവരോട് ആവശ്യപ്പെട്ടു. യോഗത്തിൽ മേഖലാ പ്രസിഡന്റ് ബേബി ആലുങ്കൽ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജെയ്സൺ മാത്യു, ട്രഷറർ എസ്. ഭദ്രകുമാർ, മുനിസിപ്പൽ കൗൺസിലർ പി.ജി. സുനിൽകുമാർ, ജോൺസൻ ടി.എ , മാത്യു കെ.എ , മാർക്കോസ് ഉലഹന്നാൻ, പി.സി. മർക്കോസ്, പി.എൻ. സജീവൻ സുനിൽ കൃഷ്ണൻകുട്ടി, റോയ് സൈമൺ എന്നിവർ പങ്കെടുത്തു.