പള്ളുരുത്തി: പശ്ചിമകൊച്ചിയിൽ ഇന്നലെ രോഗബാധിതരുടെ എണ്ണം 300 കവിഞ്ഞു. പള്ളുരുത്തിയിലാണ് രോഗികളുടെ എണ്ണം കൂടുതൽ - 73, കുമ്പളങ്ങി - 69, ഫോർട്ട് കൊച്ചി-49, മട്ടാഞ്ചേരി-47, തോപ്പുംപടി - 23, ചെല്ലാനം -21, ഇടക്കൊച്ചി - 19, പെരുമ്പടപ്പ് -11 എന്നിങ്ങനെയാണ് കണക്കുകൾ. അടച്ചു പൂട്ടിയ സ്ഥലങ്ങളിൽ പൊലീസ് കർശന നടപടികളാണ് സ്വീകരിക്കുന്നത്. വാക്സിൻ എടുക്കാൻ പോകുന്നവരെയും കൊവിഡ് ടെസ്റ്റ് നടത്താൻ പോകുന്നവരും മരണാവശ്യം തുടങ്ങിയവരെ മാത്രമേ കടത്തിവിടുന്നുള്ളൂ. പശ്ചിമകൊച്ചിയിൽ അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞതോടെയാണ് 500 കടന്ന രോഗികളുടെ എണ്ണം ഇപ്പോൾ 300 ൽ എത്തി നിൽക്കുന്നത്. പഞ്ചായത്തുകളായ കുമ്പളങ്ങിയിലും ചെല്ലാനത്തും എല്ലാ വാർഡുകളും അടഞ്ഞുതന്നെ കിടക്കുകയാണ്.പ്രധാന അതിർത്തികളായ ഇടക്കൊച്ചി - അരൂർ, എഴുപുന്ന - കുമ്പളങ്ങി, കണ്ണങ്ങാട്ട് - ഐലന്റ് ബി.ഒ.ടി, ഹാർബർ തുടങ്ങിയ പാലങ്ങളിൽ നിയന്ത്രണം കർശനമാക്കി. കഴിഞ്ഞ ദിവസം അനാവശ്യമായി പുറത്തിറങ്ങിയ നിരവധി ബൈക്കുകൾ പള്ളുരുത്തി സി.ഐ.യുടെ നേതൃത്വത്തിൽ പിടിച്ചെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. ഇവർക്കെതിരെ കേസെടുത്തു.