കൊച്ചി: കൊവിഡ് ചികിത്സക്ക് സഹായകമാകുന്ന ഹെൽമെറ്റ് എൻ.ഐ.വികൾ വില്ലിംഗ്ടൺ ഐലൻറിലെ ട്രാൻസ് വേൾഡ് ഷിപ്പിംഗ് കമ്പനി കോർപ്പറേഷൻ മേയർക്ക് കൈമാറി.

കൈയിൽ കൊണ്ടുനടക്കാവുന്നതും ഓക്‌സിജൻ ഉത്പാദിപ്പിച്ച് ശ്വസന സഹായിയായി ഉപയോഗിക്കാവുന്നതുമായ 22 ഹെൽമെറ്റ് എൻ.ഐ.വികളാണ് നൽകിയത്. സാമുദ്രിക ഹാളിൽ ഒരുങ്ങുന്ന കൊവിഡ് ആശുപത്രിയിലേക്ക് 100 കിടക്കകളും ഷിപ്പിംഗ് കമ്പനി. വാഗ്ദാനം ചെയ്തിട്ടുണ്ട്. ആശുപത്രിക്കുവേണ്ടിയുള്ള പാർട്ടീഷൻ, പാനലിംഗ് ജോലികൾ പൂർത്തിയായിട്ടുണ്ട്. ജില്ലാഭരണകൂടം ആവശ്യമായ ഓക്‌സിജൻ സൗകര്യം കൂടി ഒരുക്കുന്ന മുറയ്ക്ക് കൊവിഡ് ആശുപത്രിയായി പ്രവർത്തനമാരംഭിക്കാനാകും. വില്ലിംഗ്ടൺ ഐലന്റിലെ ട്രാൻസ് വേൾഡ് ഷിപ്പിംഗ് കമ്പനിയുടെ ഓഫീസിൽ റീജിയണൽ ഹെഡ് എം. കൃഷ്ണകുമാർ ഉപകരണങ്ങൾ മേയർ അഡ്വ.എം. അനിൽകുമാറിന് കൈമാറി. സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി.കെ. അഷറഫ്, ജെ. സനിൽമോൻ,വി.എ. ശ്രീജിത്ത്, പി.ആർ. റെനീഷ്, കൗൺസിലർമാരായ ബെനഡിക്ട് ഫെർണാണ്ടസ്, ജെ. പത്മകുമാരി എന്നിവരും ഒപ്പമുണ്ടായിരുന്നു.

 അമ്പലമേടിൽ 1500 ഓക്സിജൻ കിടക്കകൾ ഒരുങ്ങുന്നു

മേയർ അഡ്വ.എം അനിൽകുമാറും ജില്ലാ കളക്ടർ എസ്.സുഹാസും അമ്പലമേടിൽ ഓക്‌സിജൻ ബെഡുകൾ ഒരുക്കുന്ന സ്‌കൂൾ സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി. ബി.പി.സി.എൽ. ന്റെ കൂടി സഹകരണത്തോടെ 1500 ഓക്‌സിജൻ ബെഡുകളാണ് ഇവിടെ ഒരുങ്ങുന്നത്. എറണാകുളം ജനറൽ ആശുപത്രിയിലും, ഐലന്റിലെ സാമുദ്രിക ഹാളിലും ഈ ഓക്‌സിജൻ ബെഡുകൾ എത്തുന്നതോടെ കൊവിഡിനെതിരായ പേരാട്ടത്തിൽ മറ്റൊരു നാഴികകല്ല് കൂടി പിന്നിടാനാകുമെന്ന് മേയർ പറഞ്ഞു.