കൊച്ചി: സ്വകാര്യ കമ്പനിയുടെ മൂന്ന് ക്രയോജനിക് ടാങ്കർ ലോറികൾ മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്തു. സംസ്ഥാനത്തികത്ത് ദ്രവീകൃത ഓക്സിജൻ നീക്കം സുഗമമാക്കുകയാണ് ലക്ഷ്യം.

തൃപ്പൂണിത്തുറ ജോ. ആർ.ടി.ഒ ബി. ഷഫീക്ക്, എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഷാജി മാധവൻ, എറണാകുളം ആർ.ടി.ഒ പി.എം. ഷബീർ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആർ. ചന്ദു എന്നിവരാണ് ഞായറാഴ്ചയും ലോക്ഡൗണും വകവയ്ക്കാതെ കർമനിരതരായി വാഹനം സംഘടിപ്പിച്ചത്.

കൊച്ചിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് എൽ.എൻ.ജി. കൊണ്ടുപോകുന്ന 16 ടാങ്കർ ലോറികളുള്ള സ്വകാര്യ കമ്പനിയോട് അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് മൂന്ന് ലോറികൾ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പെട്രോകെമിക്കൽസ് കമ്പനി വഴി ശ്രമിച്ചിട്ടും ട്രാൻസ്പോർട്ട് കമ്പനി വഴങ്ങിയില്ല. തുടർന്ന് ദുരന്തനിവരാണ നിയമപ്രകാരം ടാങ്കർ ലോറികൾ ലഭ്യമാക്കാൻ മോട്ടോർവാഹനവകുപ്പിനെ ചുമതലപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിറക്കി.

തൃപ്പൂണിത്തുറ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി അധികൃതരോട് മോട്ടോർവാഹനവകുപ്പ് കാര്യം പറഞ്ഞെങ്കിലും ലോറികൾ വർക്‌പ്പോപ്പിലാണെന്നും ഫിറ്റ്നസ് ഇല്ലെന്നുമൊക്കെയായിരുന്നു പ്രതികരണം. ഒട്ടും വൈകിയില്ല, നേരെ വർക്‌ഷോപ്പിൽ എത്തി ഉദ്യോഗസ്ഥർ മൂന്ന് ടാങ്കർ ലോറികൾ ഏറ്റെടുത്തു.

എൽ.എൻ.ജി ടാങ്കറിൽ ദ്രവീകൃത ഓക്സിജൻ കയറ്റുന്നതിന് ഇനിയും കടമ്പകൾ ബാക്കിയുണ്ട്. ആദ്യത്തേത് പർജിംഗ് (ടാങ്ക് ക്ലീനിംഗ്) ആണ്. അതിനുശേഷം പെട്രോളിയം ആൻഡ് എക്സ്‌പ്ലോസീവ്സ് സേഫ്ടി ഓർഗനൈസേഷ (പെസോ) നിൽ നിന്നുള്ള സാക്ഷ്യപത്രം ലഭിക്കണം. ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയാണ് ഇത് നൽകേണ്ടത്. ആ കമ്പനിയുടെ ഒരുദ്യോഗസ്ഥൻ മൂവാറ്റുപുഴയിൽ ഉണ്ട്. ഇന്ന് അദ്ദേഹത്തെ കൊണ്ടുവന്ന് സർട്ടിഫിക്കേഷൻ പൂർത്തിയാക്കും. അതിനുശേഷം ഡൽഹിയിലുള്ള എക്സപ്ലോസീവ്സ് ഡയറക്ടറുടെ അനുമതിയും വാങ്ങി ജി.പി.എസ് സംവിധാനവും ഘടിപ്പിച്ച് ടാങ്കറുകൾ ജില്ല ഭരണകൂടത്തിന് കൈമാറും. 12 ടൺ വീതം ശേഷിയുള്ള മൂന്ന് ടാങ്കറുകളാണ് ഇതാടെ ജില്ലക്ക് ലഭ്യമാവുക.