ഡി.ജി.പിക്ക് പരാതി നൽകി
കൊച്ചി: സർക്കാർ ആശുപത്രി ജീവനക്കാരിയെ കൂട്ടാനെത്തിയ ഭർത്താവിനെ പൊലീസ് തടഞ്ഞു നിർത്തി ബൈക്കിന്റെ താക്കോലുമായി സ്ഥലംവിട്ടു. സംഭവമറിഞ്ഞ് താക്കോൽ വാങ്ങാൻ സ്‌റ്റേഷനിലെത്തിയ ജീവനക്കാരിയെ ഒരുമണിക്കൂറിലധികം സ്റ്റേഷന് പുറത്ത് നിർത്തി. കൊവിഡ് വാർഡിലെ ഡ്യൂട്ടികഴിഞ്ഞ് ഇറങ്ങിയ എറണാകുളം ജനറൽ ആശുപത്രി ജീവനക്കാരി വി.എൻ. രശ്മിക്കാണ് ഈ ദുരവസ്ഥയുണ്ടായത്. തിരിച്ചറിയിൽ കാർഡ് കാണിച്ച് യാത്രാവശ്യം വ്യക്തമാക്കിയിട്ടും ലോക്ഡൗൺ ലംഘിച്ചതിന് പനങ്ങാട് പൊലീസ് ഇവരുടെ ഭർത്താവിനെതിരെ കേസെടുക്കുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജീവനക്കാരി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി.
ശനിയാഴ്ച വൈകിട്ടാണ് സംഭവം. ആശുപത്രിയിലെ ഡ്യൂട്ടികഴിഞ്ഞിറങ്ങിയ ജീവനക്കാരിയെ തിരികെ കൊണ്ടുവരാനാണ് ഭർത്താവ് വീട്ടിൽ നിന്ന് ഇറങ്ങിയത്. സത്യവാങ്മൂലം ഉണ്ടായിട്ടും യാത്ര തുടരാൻ മാടവന ജംഗ്ഷനിൽ പരിശോധന നടത്തുകയായിരുന്ന പൊലീസുകാർ അനുവദിച്ചില്ലെന്ന് പരാതിയിൽ പറയുന്നു. ബൈക്കിന്റെ താക്കോൽ ഊരി വാങ്ങി സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. യാത്രാവശ്യം വ്യക്തമാക്കുന്നതിനുവേണ്ടി ആശുപത്രി ജീവനക്കാരിയോട് നേരിട്ട് എത്താൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. സ്‌റ്റേഷനിൽ എത്തി കാര്യങ്ങളെല്ലാം വിശദീകരിച്ചെങ്കിലും ഒന്നേകാൽ മണിക്കൂർ സ്‌റ്റേഷന് പുറത്ത് നിർത്തിയശേഷമാണ് പൊലീസ് താക്കോൽ കൈമാറിയതെന്ന് പരാതിയിൽ പറയുന്നു.