കളമശേരി: ഇന്നലെ രാവിലെ വീടിനകത്തെ വൈദ്യുതി വിളക്കുകൾ ഒരു നിമിഷം കണ്ണടച്ചു തുറക്കുന്നു, ടെലിവിഷൻ സെക്കന്റുകൾ നിശ്ശബ്ദത പാലിക്കുന്നു, വീടിനു പുറത്ത് ആകെയൊരു ബഹളവും! വട്ടേക്കുന്നം പാലപ്പറമ്പിൽ ശ്രീകുമാറിന്റെ വീട്ടിലെത്തിയ സിംഹവാലൻ കുരങ്ങ് ഉണ്ടാക്കിയ പൊല്ലാപ്പാണ് ഇവ. ബഹളം കേട്ട് ചെന്നപ്പോഴാണ് അതിഥിയെ കണ്ടത്. ഓട്ടവും ചാട്ടവും ഓവറായപ്പോൾ ചാടി പിടിച്ചത് ഇലക്ട്രിക് ലൈനിൽ! ഷോക്കേറ്റ് ഒരു കമ്പിയിൽ തൂങ്ങി പിടയ്ക്കുന്നത് കണ്ട് ഉടനെ സുഹൃത്തായ കെ.എസ്.ഇ.ബി യിലെ സക്കീറിനെ വിളിച്ച് ലൈൻ ഓഫാക്കി. തന്റെ ടെംമ്പോവാനിന് മുകളിൽ കയറി സിംഹവാലൻ കുരങ്ങിനെ താഴെ ഇറക്കി പാലാരിവട്ടത്തെ മൃഗാശുപത്രിയിലെത്തിച്ചു. ഏതാനും സമയം കഴിഞ്ഞ് ബോധം തെളിഞ്ഞപ്പോൾ കയ്യിലും കാലിലും കഴുത്തിലും ചികിത്സാ ഉപകരണങ്ങൾ കൂടി കണ്ടപ്പോൾ ആൾ അക്രമാസക്തനായി. ആശുപത്രിയിൽ കണ്ണിൽ കണ്ടതൊക്കെ തല്ലിത്തകർത്തു. വൈകിട്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കൂടു വെച്ച് പിടിച്ച് കോടനാട്ടേക്ക് കൊണ്ടുപോയി.
ശ്രീകുമാറിന്റെ സമയോചിതമായ ഇടപെടലിലാണ് സിംഹവാലന്റെ ജീവൻ രക്ഷിക്കാനായത്.