കൊച്ചി: വൈറ്റില പൊന്നുരുന്നി ഗ്രാമീണ വായനശാല ബാലവേദി അംഗങ്ങൾ ജപ്പാനിലെ പ്രമുഖരുമായി വെബിനാറിലൂടെ സംവദിച്ചു.

ജപ്പാനിലെ ശിശുക്കളുടെ ആരോഗ്യ പോഷണം തൊട്ട് ചിത്രാക്ഷരങ്ങൾ, ജീവിത രീതി, നഗര - ഗ്രാമജീവിതം, കാർഷികവൃത്തി, വ്യവസായ സംരംഭങ്ങൾ, സംസ്കാരം, വിദ്യാഭ്യാസം മുതൽ റിവർ എൻജീനിയറിംഗ് വരെയുള്ള വ്യതസ്ത വിഷയങ്ങൾ ചർച്ചയ്ക്കു വന്നു.

ജപ്പാനിൽ ഇരുന്ന് മസാക്കാ കോബായാഷി, മെഗുരി താക്കോഷിത എന്നിവരും തിരുവനന്തപുരത്തുള്ള

സച്ചിക്കോ ഇരി ഗുച്ചിയും കുട്ടികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നല്കി.

ടോക്കിയോ യൂണിവേഴ്സിറ്റിയിൽ നിന്നും ഗവേഷണ ബിരുദം നേടിയ ഡോ. വി​.ജി​. അനൂപ് കുമാറാണ് പരി​ഭാഷയും പരി​ചയപ്പെടുത്തലുമായി​ നേതൃത്വം നൽകി​യത്.

മാർവ സജ്ജിത് , റിയാ അനിൽ, ആദർശ് എസ്, അനിരുദ്ധ് വി. അനൂപ്, പ്രിയങ്ക സുബിൻ, ടനിഷ്കാ എ എന്നിവർ അതിഥികളുമായി ആശയവിനിമയം നടത്തി. 40 പേർ വെബിനാറിൽ പങ്കെടുത്തു. ബാലവേദി
കോ-ഓഡിനേറ്റർ ഈ .എസ് . സ്റ്റാലിൻ, വായനശാല പ്രസിഡണ്ട് അഡ്വ.എം.കെ.ശശീന്ദ്രൻ, ദിയാ എസ്. ഖാൻ, തീർത്ഥ ഉദയ് എന്നി​വർ സംസാരി​ച്ചു.