മൂവാറ്റുപുഴ: ഏഴ് വയസുകാരിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന ആംബുലൻസിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തിപരത്തി. കഴിഞ്ഞദിവസം മൂവാറ്റുപുഴ അരമന ജംഗ്ഷന് സമീപമായിരുന്നു സംഭവം. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ആലുവ രാജഗിരി ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. ആംബുലൻസിന്റെ മുൻഭാഗത്തുനിന്ന് പുകഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ വാഹനം നിർത്തി. സൈറൺ മുഴക്കിവന്ന ആംബുലൻസ് പെട്ടെന്ന് നിർത്തിയതോടെ സമീപത്ത് വാഹനപരിശോധന നടത്തിയിരുന്ന പൊലീസും ഓടിയെത്തി. മറ്റൊരു ആംബുലൻസിൽ കുട്ടിയെ ആലുവയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വീട്ടിൽവെച്ച് കുഴഞ്ഞുവീണതോടെ തൊടുപുഴ ആശുപത്രിയിൽ എത്തിച്ച കുട്ടിയെ ഐ.സി.യു സംവിധാനമുള്ള ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. തൊടുപുഴ ഹരിത ആംബുലൻസ് ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ കൊണ്ടാണ് ദുരന്തം ഒഴിവായത്. കുട്ടി സുഖംപ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.