മൂവാറ്റുപുഴ: കൊവിഡ് ബാധിതർക്ക് സഹായഹസ്തവുമായി റാക്കാട് സ്വപ്ന ലൈബ്രറിയുടെ കീഴിലുള്ള അക്ഷരസേന രംഗത്ത്. അക്ഷരസേനയുടെ നേതൃത്വത്തിൽ പ്രദേശത്തെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളിലും പൊതു സ്ഥാപനങ്ങളിലും വാഹനങ്ങളിലും അണുനശീകരണം നടത്തി. ലൈബ്രറിയുടെ പ്രവർത്തനപരിധിക്കുള്ളിലെ മുഴുവൻ വീടുകളിലുമെത്തി ബോധവത്കരണവും നടത്തുന്നു. എല്ലാ വീടുകളിലും ഹോമിയോമരുന്നുകൾ നൽകി.
കൊവിഡ് ബാധിതരുടെ വീടുകളിൽ ഭക്ഷണക്കിറ്റുകൾ എത്തിച്ചുനൽകുന്ന പ്രവർത്തനത്തോടൊപ്പം സൗജന്യമായി ആംബുലൻസ് സേവനവും നൽകിവരുന്നു. എല്ലാ സ്ഥലങ്ങളിലും ഫോഗിംഗും നടത്തി. ലൈബ്രറിയിൽ ഹെൽപ് ഡെസ്കും തുറന്നതായി പ്രസിഡന്റ് സുജിത് പൗലോസും സെക്രട്ടറിയും വാർഡ് മെമ്പറുമായ പി.കെ. റെജിയും പറഞ്ഞു. അക്ഷരസേനയുടെ പ്രവർത്തനങ്ങൾക്ക് കെ.വി. ജോൺസൺ, റോബി ജോൺ, ടി.ആർ . സാജു എന്നിവർ നേതൃത്വം നൽകുന്നു.