കൊച്ചി: സമൂഹത്തിലെ ദുർബലരെയും കുട്ടികളെയും സ്‌നേഹപൂർവം സംരക്ഷിക്കുന്നതിലാണ് അമ്മമനസുള്ളതെന്ന് ആരോഗ്യ, സാമൂഹ്യക്ഷേമ വകുപ്പു മുൻമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും പരസ്പരം സ്‌നേഹിക്കുകയും വിശ്വസിക്കുകയും മറ്റുള്ളവരെ സഹായിക്കുന്ന മനോഭാവം കാണിക്കുകയും ചെയ്യുന്നതും മാതൃസമാനമായ സ്‌നഹേമായി കരുതണമെന്ന് മുൻമന്ത്രി പറഞ്ഞു. മാതൃദിനം പ്രമാണിച്ച് അസറ്റ് ഹോംസ് സംഘടിപ്പിച്ച മാതൃവന്ദനം പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു. കൊവിഡിന്റെ രണ്ടാം വരവ് കൂടുതൽ ഗൗരവമുള്ളതാണ്. ജനിതക ഘടനയിൽ മാറ്റംവന്ന വൈറസുകൾ കേരളത്തിലും പരക്കുന്നു. മരണം കുറച്ചുനിറുത്തുകയാണ് ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം. പഞ്ചായത്ത്, വാർഡ് തലങ്ങളിൽ പ്രത്യേക സമിതികളുണ്ടാക്കി. ആശുപത്രികളിലെ സൗകര്യങ്ങൾ പടിപടിയായി വർദ്ധിപ്പിച്ച് എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയുന്ന സംവിധാനം തയ്യാറാക്കുമെന്ന് അവർ പറഞ്ഞു. ചലച്ചിത്രതാരവും ലോകകേരളസഭാംഗം ആശാ ശരത്, അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടർ സുനിൽ കുമാർ വി., ഡയറക്ടർമാരായ എൻ. മോഹനൻ, ഡോ. എം.പി. ഹസൻ കുഞ്ഞി, സി.വി. റപ്പായി തുടങ്ങിയവർ പങ്കെടുത്തു.