കൊച്ചി: എറണാകുളം ജില്ലയിലെ ഏഴ് നഗരസഭകളെയും 23 ഗ്രാമപഞ്ചായത്തുകളെയും ബാധിക്കുന്ന തീരദേശ മാനേജ്‌മെന്റ് പ്ളാനിൽ അഭിപ്രായങ്ങൾ അറിയിക്കാനുള്ള സമയം നീട്ടിനൽകണമെന്ന ആവശ്യം ശക്തമായി. കൊവിഡ് അതിരൂക്ഷമായ പശ്ചാത്തലത്തിൽ പ്ളാൻ പരസ്യപ്പെടുത്തി ചർച്ചകൾ നടത്തി അഭിപ്രായം അറിയിക്കാൻ കഴിയാത്ത അവസ്ഥയിലാണ് തദ്ദേശ സ്ഥാപനങ്ങൾ. രണ്ടാഴ്ച മാത്രം സമയം അനുവദിച്ചതിലെ ആശങ്ക കേരളകൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.
കൊവിഡ് പ്രതിരോധത്തിൽ തദ്ദേശസ്ഥാപനങ്ങളുൾപ്പെടെ കേന്ദ്രീകരിച്ചിരിക്കുകയാണ്. ലോക്ക് ഡൗൺ മൂലം ഓഫീസുകളും പ്രവർത്തിക്കുന്നില്ല. ഈ സാഹചര്യത്തിൽ കൂടുതൽ സമയം അനുവദിക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങളും സംഘടനകളും സർക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം 22നാണ് പ്ളാനിൽ രണ്ടാഴ്ചയ്ക്കകം അഭിപ്രായവും നിർദേശങ്ങളും അറിയിക്കണമെന്ന് തദ്ദേശസ്ഥാപനങ്ങളോട് ആവശ്യപ്പെട്ടത്.
പ്ലാൻ സംബന്ധിച്ച് അഭിപ്രായങ്ങൾ അറിയിക്കാൻ മതിയായ സാവകാശം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. കരട് മാപ്പ് എല്ലാവർക്കും പരിശോധിക്കാനും യോജിപ്പും വിയോജിപ്പും അഭിപ്രായങ്ങളും അറിയിക്കാനും കൊവിഡ് സാഹചര്യത്തിൽ കൂടുതൽ സമയം ആവശ്യമാണെന്ന് കത്തിൽ അറിയിച്ചു.
കരട് മാപ്പ് പൊതുജനങ്ങൾക്കിടയിൽ പരസ്യപ്പെടുത്തി അഭിപ്രായങ്ങൾ ശേഖരിക്കണമെന്നാണ് മാർഗനിർദേശത്തിൽ പറയുന്നത്. കായൽ ദ്വീപുകളെക്കുറിച്ചുള്ള വിവരങ്ങൾ കൂടി ഉൾക്കൊള്ളുന്ന മാപ്പായതിനാൽ പരിശോധനയ്ക്ക് കൂടുതൽ സമയം ആവശ്യമാണ്. പുതിയ കരടിൽ പൊക്കാളിപ്പാടങ്ങൾ തീരദേശപരിപാലന നിയമത്തിന്റെ ഒന്ന് ബി യിലാണ് ഉൾപ്പെടുത്തിയിത്. അത്തരം പ്രദേശങ്ങളിലെ താമസക്കാരുടെ വീടുനിർമാണത്തെ ഉൾപ്പെടെ ഇത് ബാധിക്കും. ടൂറിസത്തിന് അവസരങ്ങൾ നൽകി വാണിജ്യവത്കരണത്തിനും വഴിതെളിക്കും. ഇത്തരം വിഷയങ്ങളിൽ വിശദമായ അഭിപ്രായരൂപീകരണം അനിവാര്യമാണെന്ന് അസോസിയേഷൻ പ്രസിഡന്റ് ആന്റണി നെറോണ, ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് എന്നിവർ കത്തിൽ പറഞ്ഞു.
കരട് പ്ളാനും മാപ്പും ലഭിക്കാൻ http://niyamdarsi.com/legal/library