കോലഞ്ചേരി: ചിരിച്ചുകൊണ്ട് ജോലിചെയ്യുമ്പോഴും മനസിൽ വിങ്ങലടക്കുന്ന സെയിൽസ് ജീവനക്കാർ കൊവിഡ് രണ്ടാംതരംഗത്തിൽ അതിജീവനത്തിനായി പെടാപ്പാടിലാണ്. സ്റ്റേഷനറി, തുണി, സ്വർണക്കടകൾ ലോക്ക് ഡൗണിൽ അടച്ചിട്ടതോടെ ജീവിതപ്രാരാബ്ധങ്ങളിൽ നട്ടംതിരിഞ്ഞ് വീട്ടിലിരിക്കുകയാണ് ഇവർ. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന ഇവരിൽ പലരും ജീവിക്കാൻ മറ്റൊരു വഴികണ്ടെത്താനാകാതെയാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. കഴിഞ്ഞ കൊവിഡ് കാലത്തിന്റെ രൂക്ഷതമാറി കടകൾ തുറന്നപ്പോൾ നിരവധിപേരുടെ ജോലി നഷ്ടപ്പെട്ടിരുന്നു. കടകളിലെ കച്ചവടത്തിലുണ്ടായ ഇടിച്ചിലിൽ ജീവനക്കാരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളുമടക്കം വെട്ടിക്കുറച്ചെങ്കിലും പലരും ജീവിക്കാൻ മറ്റു വഴിയില്ലാതെയാണ് തിരികെ ജോലിക്കുകയറിയത്.
പ്രതിസന്ധിയിൽ പകച്ചുനിൽക്കുന്ന തൊഴിലാളികൾ
സാധാരണ കുടുംബങ്ങളിൽനിന്ന് വരുന്നവരാണ് സെയിൽസ് ജോലിചെയ്യുന്ന സത്രീകളിൽ പലരും. അവരുടെ തുച്ഛമായ വരുമാനത്തിൽ നിരവധി കുടുംബങ്ങൾ കഴിയുന്നുണ്ട്. പലരും നിവൃത്തികേടുകൊണ്ടാണ് ഈ പണി തേടിയത്. ചില സ്ഥാപനങ്ങൾ അടച്ചിടുന്ന കാലത്ത് ശമ്പളം മുടക്കുകയും വെട്ടിക്കുറയ്ക്കുകയും ചെയ്തപ്പോഴും മുടങ്ങാതെ ശമ്പളം നൽകിയ സ്ഥാപനങ്ങളുമുണ്ട്. അവർ ജീവനക്കാരെ ദുരിതകാലത്തും ചേർത്തുപിടിച്ചവരാണ്.
ഈ അവസ്ഥയിൽ ലോക്ക് ഡൗൺ കഴിഞ്ഞ് കടകൾ തുറന്നാലും ജോലിയുണ്ടാകുമെന്ന കാര്യത്തിൽ ഇവർക്കുറപ്പില്ല. കൊവിഡ് വ്യാപനം ശക്തമായി നിൽക്കുന്നതിനിടെ ദീർഘനാൾ വന്നേക്കാവുന്ന കടുത്ത നിയന്ത്രണങ്ങൾ കച്ചവട സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുമെന്ന ആശങ്കയിലാണ് വ്യാപാരികളും ജീവനക്കാരും.