കോലഞ്ചേരി: ലോക്ക് ഡൗണിലും ഓടുന്നു കെ.എസ്.ആർ.ടി.സിയുടെ ബോണ്ട് സർവീസ്. ഇക്കാലത്ത് പൊതുഗതാഗതമില്ലെങ്കിലും ഹൈറേഞ്ചിൽനിന്ന് ലോറേഞ്ചുവരെ ഈ ആനവണ്ടിയോടും. അതും മുടക്കമില്ലാതെ. അവശ്യ സർവീസിൽ ജോലിചെയ്യുന്നവർക്കും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിൽക്കുന്ന ജീവനക്കാർക്കുമുൾപ്പെടെ ആശ്വാസമാണ് ഈ വണ്ടി.
യാത്ര തിരിച്ചറിയൽ കാർഡ് കാണിച്ച്
തൊടുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് രാവിലെ 8.20 ന് പുറപ്പെട്ട് 9.55ന് കാക്കനാട് സിവിൽ സ്റ്റേഷനിൽ എത്തുന്ന വിധമാണ് സർവീസ്. തിരികെ വൈകിട്ട് 5.05ന് കാക്കനാടുനിന്ന് പുറപ്പെട്ട് 6.30ന് തൊടുപുഴയിൽ എത്തിച്ചേരും. വാഴക്കുളം, മൂവാറ്റുപുഴ, കോലഞ്ചേരി, പുത്തൻകുരിശ്, വടവുകോട്, കാണിനാട്, കരിമുകൾ, ബ്രഹ്മപുരം, ഇൻഫോപാർക്ക് വഴിയാണ് ഓട്ടം. ഈ റൂട്ടിലുള്ള സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് കാണിച്ച് ബസിൽ കയറാം.
പ്രത്യേകതകൾ
കൊവിഡ് പ്രോട്ടോകോൾ പാലിച്ച് സർവീസ്
രണ്ട് ഡോറുകളിലും സാനിറ്റൈസർ
എല്ലാവർക്കും ഉറപ്പായ സീറ്റുകൾ
ഓട്ടോമാറ്റിക് ഡോർ സംവിധാനം
നിലവിലുള്ള ബസ് സ്റ്റോപ്പുകളുമായി ബന്ധമില്ല
യാത്രക്കാർ ആവശ്യപ്പെടുന്നതാണ് സ്റ്റോപ്പ്
റൂട്ടിൽ എവിടെ നിന്നും കയറാം, ഇറങ്ങാം
ബസ് വൃത്തിയാക്കി സാനിറ്റൈസ് ചെയ്യുന്നു
റിലാക്‌സേഷനായി മ്യൂസിക് സിസ്റ്റം.
ഒരിക്കലും മുടക്കമില്ലാത്ത സർവീസ്
കാർഡ് എടുത്തോ ടിക്കറ്റ് എടുത്തോ യാത്രചെയ്യാം
ബസിൽത്തന്നെ കാർഡ് വാങ്ങാൻ സൗകര്യം