മൂവാറ്റുപുഴ: കൊവിഡ് രോഗികൾക്കും അവരുടെ വീട്ടുകാർക്കും ആശ്വാസം നൽകുന്നതിനായി ഡി.വൈ.എഫ്.ഐ ഒരുക്കിയ സ്നേഹവണ്ടിയുടെ ഫ്ലാഗ് ഓഫ് ബ്ലോക്ക് സെക്രട്ടറി അനീഷ് എം.മാത്യു നിർവഹിച്ചു. കൊവിഡ് രോഗികളെ ആശുപത്രി , സി.എഫ്.എൽ.ടി.സി , ഡി.സി.സി എന്നിവയിൽ എത്തിക്കുന്നതിനും തിരിച്ച് വീട്ടിലെത്തിക്കുന്നതിനും സ്നേഹവണ്ടി 24 മണിക്കൂറും സൗജന്യസേവനം നൽകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റിയാസ് ഖാൻ, ഡി.വൈ.എഫ്.ഐ ഭാരവാഹികളായ അൻസൽ മുഹമ്മദ്, അജിൻ അശോക്, ലാൽ മുഹമ്മദ് എന്നിവർ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശം ഏറ്റെടുത്ത ഡി.വൈ.എഫ്.ഐ പായിപ്ര മേഖലാ കമ്മറ്റി കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കി. പാവപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റ് ഉൾപ്പടെ എല്ലാ സഹായങ്ങളും വീടുകളിൽ എത്തിക്കുന്നു. മരുന്ന് എത്തിച്ചുനൽകുന്ന പ്രവർത്തനവും പായിപ്ര പഞ്ചായത്തിലെ യുവജനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. മേഖലാ കമ്മറ്റിയുടെ കീഴിലുളള 20 യൂണിറ്റുകളിലും ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് സേവനപ്രവർത്തനങ്ങൾ നടത്തിവരുന്നു.