കൊച്ചി: ആരോഗ്യ സംരക്ഷണ മേഖലയിൽ സവിശേഷമായ ദൗത്യം നിർഹിക്കുന്ന നഴ്‌സുമാരെ ആദരിക്കാൻ ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ ആസ്റ്റർ ഗാർഡിയൻ ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് പ്രഖ്യാപിച്ചു. രണ്ടര ലക്ഷം യു.എസ് ഡോളറാണ് അവാർഡ്.
ലോകമെമ്പാടുമുള്ള നഴ്‌സുമാർക്ക് നാമനിർദേശം സ്വയം സമർപ്പിക്കാം. അർഹരായ നഴ്‌സുമാരുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചു മറ്റുള്ളവർക്കും നാമനിർദ്ദേശം സമർപ്പിക്കാം. നാമനിർദേശത്തിനുള്ള ആപ്ലിക്കേഷൻ പിന്നീട് പ്രഖ്യാപിക്കും.
ആരോഗ്യ സംരക്ഷണ മേഖലയുടെ നട്ടെല്ലായ നഴ്‌സുമാർ രോഗികളുടെ പരിചരണത്തിൽ ഏറ്റവും നിർണായകമായ പങ്കാണ് വഹിക്കുന്നതെന്ന് ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡിലൂടെ നഴ്‌സുമാരുടെ ത്യാഗങ്ങളും പ്രതിബദ്ധതയും ആഗോളതലത്തിൽ അംഗീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അറിയപ്പെടുന്ന അന്താരാഷ്ട്ര വ്യക്തിത്വങ്ങൾ അടങ്ങുന്ന ജൂറി കർശനമായ അവലോകനങ്ങളിലൂടെ അവാർഡ് നിർണയിക്കും. 10 ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്ത് ജൂറിയുമായി അഭിമുഖങ്ങളും ആശയവിനിമയങ്ങളും നടത്താൻ അവാർഡ് ദാന ചടങ്ങിൽ എത്തിക്കും. ഒൻപത് പേർക്ക് അവാർഡും സമ്മാനത്തുകയും നൽകും. അവാർഡ് ജേതാവിനെ 2022 മേയ് 12 ന് അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിൽ പ്രഖ്യാപിക്കും.