കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും പാവപ്പെട്ടവർക്ക് അരിയും ഭക്ഷ്യവസ്തുക്കളും പൊതിച്ചോറും തുടർച്ചയായി വിതരണം ചെയ്ത് മാതൃകയാവുകയാണ് എച്ച്. എൽ.എല്ലും നന്മ ഫൗണ്ടേഷനും. ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്. എൽ.എല്ലും ഐ.ജി പി. വിജയൻ രക്ഷാധികാരിയായ നന്മ ഫൗണ്ടേഷന്റെ എറണാകുളം ഘടകവുമാണ് കൊവിഡിന്റെ ആദ്യഘട്ടത്തിൽ തുടങ്ങി തുടർച്ചയായി പാവങ്ങൾക്ക് അരിയും ഭക്ഷ്യവസ്തുക്കളും പൊതിച്ചോറും എത്തിച്ചു നൽകുന്നത്.
ജില്ലയിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ള തൃക്കാക്കരയിൽ എം.പി. ഹൈബി ഈഡൻ എച്ച്. എൽ.എൽ ലൈഫ് കെയർ സീനിയർ മാനേജറും നന്മ ഫൗണ്ടേഷൻ അംഗവുമായ ഡോ. രജികൃഷ്ണയിൽ നിന്ന് അരിയുൾപ്പടെയുള്ള ഭക്ഷ്യക്കിറ്റുകൾ ഏറ്റുവാങ്ങി. തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ അജിതാ തങ്കപ്പൻ ചടങ്ങിൽ പങ്കെടുത്തു. പശ്ചിമകൊച്ചി ഭാഗങ്ങളായ ഫോർട്ട്‌കൊച്ചി, തോപ്പുംപടി തുടങ്ങിയ പ്രദേശങ്ങളിൽ ഫോർട്ട് കൊച്ചി പൊലീസിന്റെ സഹകരണത്തോടെയാണ് പൊതിച്ചോറുകൾ വിതരണം ചെയ്യുന്നത്. എം.ജി. റോഡിലായി തെരുവോരത്ത് കഴിയുന്നവർക്കും ഇവർ സ്ഥിരമായി പൊതിച്ചോറുകൾ നൽകുന്നുണ്ട്.