pvs
കോലഞ്ചേരി ഹിൽ ടോപ്പിൽ സജ്ജമാക്കുന്ന എഫ്.ൽ.ടി.സി നിയുക്ത എം.എൽ..എ പി.വി. ശ്രീനിജിന്റെ നേതൃത്വത്തിൽ സന്ദർശിച്ചപ്പോൾ

കോലഞ്ചേരി: കുന്നത്തുനാട് നിയോജകമണ്ഡലത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ നിയുക്ത എം.എൽ.എ പി.വി.ശ്രീനിജിന്റെ നേതൃത്വത്തിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും യോഗം തീരുമാനിച്ചു. മണ്ഡലത്തിലെ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷന്മാരും ഉദ്യോഗസ്ഥരുമാണ് ഓൺലൈൻ മീ​റ്റിംഗിൽ പങ്കെടുത്തത്.

വടവുകോട് ബ്ലോക്കിനുകീഴിൽ കേന്ദ്രീകൃത കൊവിഡ് ഹെൽപ്പ്‌ലൈൻ സംവിധാനം ആരംഭിക്കും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ സഹായത്തിനും പ്രാദേശിക സംവിധാനങ്ങളുടെ ഏകോപനത്തിനുമായാണ് നടപടി. ഹെൽപ്പ് ലൈന് കീഴിൽ രോഗികൾക്ക് വിവിധ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാരുമായി ഫോണിൽ സംസാരിക്കാൻ അവസരമൊരുക്കും. അവശ്യമരുന്നുകളും മ​റ്റു സഹായങ്ങളും സന്നദ്ധ പ്രവർത്തകർ വീടുകളിൽ എത്തിക്കും. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും ജാഗ്രതാസമിതികളും ആർ.ആർ.​ടികളും പ്രവർത്തനം സജീവമാക്കും. സി.എഫ്.എൽ.​ടി.സികളുടേയും ഡി.സി.സികളുടേയും പ്രവർത്തനം കാര്യക്ഷമമാക്കുന്നതോടൊപ്പം കൂടുതൽ കിടക്കകളും ഒരുക്കും. കൂടുതൽ ക്വാറന്റെയിൻ കേന്ദ്രങ്ങൾ ആരംഭിക്കാനും ആവശ്യമെങ്കിൽ വ്യക്തികളുടെ സഹായം തേടാനും തീരുമാനിച്ചു. കോലഞ്ചേരിയിലെ ഞാ​റ്റുംകാല ഹിൽടോപ്പിൽ 100 കിടക്കളോടെയുള്ള സി.എഫ്.എൽ.ടി.സി ആരംഭിക്കും. പി.വി. ശ്രീനിജിൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. അശോകൻ, ബ്ലോക്ക് പഞ്ചായത്തംഗം ജൂബിൾ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇവിടെയെത്തി മുന്നൊരുക്കം വിലയിരുത്തി.