കൂത്താട്ടുകുളം:കൂത്താട്ടുകുളം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഡൊമി സിലിയറി കെയർ സെൻ്റെറിൻ്റെ സൗകര്യങ്ങൾ ഉയർത്താനുള്ള പ്രവർത്തനങ്ങളുമായി നഗരസഭ. നിലവിൽ 40 കിടക്കകൾ ആണ് ഇവിടെ പ്രവർത്തനസജ്ജമായിട്ടുള്ളത്. 50 കിടക്കകൾ കൂടി ചേർത്ത് ഡിസിസി യുടെ ശേഷി വർദ്ധിപ്പിക്കുക എന്നതാണ് നഗരസഭ ലക്ഷ്യമിടുന്നത്. അഞ്ച് ഓക്സിജൻ സൗകര്യ ബെഡ്ഡുകൾ കൂടി ഒരുക്കുന്നതിൻ്റെ പ്രവർത്തനം യുദ്ധകാലടിസ്ഥാനത്തിൽ നടന്നുവരികയാണ്. ഇതിൻ്റെ പൂർത്തീകരണത്തോടെ കൂത്താട്ടുകുളം ഡി സി സി യിൽ തൊണ്ണൂറ് രോഗികളെയും അഞ്ച് ഓക്സിജൻ ആവശ്യമുള്ള രോഗികളെയും ചികിത്സിക്കാനുള്ള സൗകര്യം ഒരുങ്ങും. ഡിസിസിയുടെ ശേഷി വർധിപ്പിക്കുന്നതിനൊപ്പം രണ്ടു ഡോക്ടർമാർ , മൂന്ന് സ്റ്റാഫ് നേഴ്സ്,രണ്ട് ഡാറ്റാഎൻട്രി ഓപ്പറേറ്റർമാർ, രണ്ട് ശുചീകരണ തൊഴിലാളികൾ തുടങ്ങിയവരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിച്ചിട്ടുണ്ട്. കൊവിഡ് രോഗികൾക്കായി 24 മണിക്കൂർ പ്രവർത്തിക്കുന്ന ആംബുലൻസ് സേവനം ഒരുക്കിയിട്ടുണ്ടെന്നും നഗരസഭാ ഭരണസമിതി അറിയിച്ചു. ഡി സി യെ സി എഫ് എൽ ടി സിയാക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടതായി നഗരസഭ ചെയർപേഴ്സൺ വിജയാ ശിവൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സണ്ണി കുര്യാക്കോസ് എന്നിവർ പറഞ്ഞു. പൂട്ടിക്കിടക്കുന്ന കൂത്താട്ടുകുളത്തെ സഹകരണ ആശുപത്രി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാകളക്ടർക്ക് നിവേദനം നൽകിയതായി ഇവർ അറിയിച്ചു.