വൈപ്പിൻ: ആരോഗ്യവകുപ്പ് ജീവനക്കാരിൽ ചിലരുടെ പിടിപ്പുകേട് മൂലം മുനമ്പം ഗവ. ആശുപത്രിയിൽ കൊവിഡ് വാക്‌സിനേഷൻ രണ്ടാം ഡോസിന് എത്തിയവർ വലിയൊരു ആൾക്കൂട്ടമാകുകയും ബഹളത്തിലാകുകയും ചെയ്തു. ഇന്നലെയാണ് ആദ്യ ഡോസെടുത്ത് 55- 60 ദിവസമായവർക്ക് രണ്ടാം ഡോസിന് നിശ്ചയിക്കപ്പെട്ടത്. ഒരു വാർഡിൽ നിന്ന് പത്തുപേർ എന്ന രീതിയിൽ ഓരോ വാർഡിലുള്ളവർക്കും പ്രത്യേകസമയം നിശ്ചയിക്കുകയും ആശാവർക്കർമാർ വഴി ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തിരുന്നു.

ഇന്നലെ വാക്‌സിനേഷൻ ആരംഭിച്ചപ്പോൾ ബന്ധപ്പെട്ട ജീവനക്കാർ എല്ലാവരേയും ഒരൊറ്റക്യൂവിൽ നിർത്തുകയാണ് ചെയ്തത്. വാർഡോ സമയമോ പരിഗണിച്ചില്ല. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു ജീവനക്കാരി രജിസ്‌ട്രേഷൻ കൗണ്ടറിലിരുന്ന ജീവനക്കാരിയെ ശകാരിക്കുകയും ഇനിയുള്ളവർക്ക് വാക്‌സിനേഷൻ നൽകാൻ ബുദ്ധിമുട്ടാണെന്ന് വിളിച്ചുപറയുകയും ചെയ്തു. ഇതോടെ ക്യൂവിൽ നിന്നവരെല്ലാം ബഹളംവെച്ച് കൗണ്ടറിന് മുന്നിൽ തടിച്ചുകൂടി. ഏറെനേരത്തെ ബഹളത്തിന് ശേഷം ഈ ഉദ്യോഗസ്ഥ അകത്തേക്ക് പോകുകയും സ്ഥിതി ശാന്തമാകുകയും ചെയ്തു. തുടക്കത്തിൽ നടന്നപോലെ തന്നെ എല്ലാവരും ക്യൂ പാലിച്ച് നിന്ന് ക്രമമനുസരിച്ച് വാക്‌സിനേഷൻ നടത്തുകയും ചെയ്തു.

പള്ളിപ്പുറം പഞ്ചായത്തിലെ എല്ലാവരേയും ഒരു കേന്ദ്രത്തിലേക്ക് കൊണ്ടുവരാതെ രണ്ടോ മൂന്നോ വാർഡുകൾക്കായി ഒരു കേന്ദ്രം എന്ന നിലയിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓഫീസുകളോ സ്‌കൂളുകളോ കേന്ദ്രീകരിച്ച് വാക്‌സിനേഷൻ നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.