കോലഞ്ചേരി: കുന്നത്തുനാട്ടിൽ നിയുക്ത എം.എൽ.എ പി.വി. ശ്രീനിജിൻ വിളിച്ചുചേർത്ത കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിൽനിന്ന് ട്വന്റി20 ഭരിക്കുന്ന പഞ്ചായത്തുകൾ വിട്ടുനിന്ന നടപടി വിവാദത്തിലേക്ക്. മണ്ഡലത്തിൽ കൊവിഡ് കേസുകളും മരണവും ഭീതിവിതയ്ക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ അവലോകനയോഗം ചേർന്നത്. എന്നാൽ കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നുർ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരാണ് യോഗം ബഹിഷ്‌കരിച്ചത്.
മഴുവന്നൂർ, കുന്നത്തുനാട് പഞ്ചായത്തുകളിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ വൻവീഴ്ചയാണെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്റി പിണറായി വിജയൻ ജനപ്രതിനിധികളുടെ സംസ്ഥാന യോഗത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനെത്തുടർന്നാണ് മണ്ഡലത്തിലെ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരേയും ഉദ്യോഗസ്ഥരേയും പങ്കെടുപ്പിച്ച് ഒൺലൈൻ മീറ്റിംഗ് ചേർന്നത്. യോഗത്തിൽനിന്ന് വിട്ടുനിന്ന നടപടി മണ്ഡലത്തിൽ വൻ പ്രതിഷേധങ്ങൾക്കിടയാക്കിയിട്ടുണ്ട്. കൊവിഡ് ബാധിതയായി ചികിത്സയിലായിരുന്നതിനാലാണ് താൻ പങ്കെടുക്കാതിരുന്നതെന്ന് കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് നിതമോൾ പറഞ്ഞു. മറ്റു പ്രസിഡന്റുമാർ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.