പൊന്നുരുന്നി: നാരായണൻ ആശാൻ റോഡ് താണിക്കാപ്പിള്ളി വിട്ടിൽ ഗോപാലകൃഷണനും (71) ഭാര്യ ഷൈലജയും (66) കൊവിഡ് ബാധിച്ച് മൂന്നു മണിക്കൂർ വ്യത്യാസത്തിൽ മരിച്ചു.
ഷൈലജ ഇന്നലെ രാവിലെ എട്ടരയ്ക്ക് വീട്ടിലും ഗോപാലകൃഷ്ണൻ രാവിലെ 11ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലുമാണ് മരിച്ചത്. ഞായറാഴ്ച വീട്ടിൽ നിന്ന് ഇരുവരുടെയും സാമ്പിളെടുത്ത് നടത്തിയ ആന്റിജൻ ടെസ്റ്റിൽ പോസിറ്റീവായതിനെ തുടർന്നാണ് ഗോപാലകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റിയത്. ടെസ്റ്റിൽ നെഗറ്റീവായിരുന്ന ഷൈലജ വീട്ടിൽ ക്വാറന്റെെനിലായി. ഇന്നലെ രാവിലെ മരണാനന്തരം എറണാകുളം ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഷൈലജയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
ഏതാനും ദിവസങ്ങളായി ഇരുവർക്കും ക്ഷീണവും അസ്വസ്ഥതകളുമുണ്ടായിരുന്നു. ഗോപാലകൃഷ്ണന് ഭക്ഷണം ഇറക്കാൻ കഴിഞ്ഞിരുന്നില്ല. ആർ.എം.എസിലെ റിട്ട. ജീവനക്കാരനായ ഗോപാലകൃഷ്ണനും ഷൈലജയും മകൻ സുബിനൊപ്പമായിരുന്നു താമസം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇരുവരുടെയും സംസ്കാരം ഇന്നലെ തന്നെ നടത്തി. മകൾ: സുജ. മരുമക്കൾ: സിന്ദു, സജീവൻ.