കിഴക്കമ്പലം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കുന്നത്തുനാട്, കിഴക്കമ്പലം പഞ്ചായത്തുകളിൽ ഡൊമിസിലിയറി കെയർ സെന്ററുകൾ ഇതുവരെ തുറക്കാത്തതിൽ പ്രതിഷേധം ശക്തം. കുന്നത്തുനാട്ടിൽ മോറയ്ക്കാല സെന്റ് മേരീസ് എച്ച്.എസ്.എസ്, കിഴക്കമ്പലത്ത് സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ എല്ലാ സജ്ജീകരണങ്ങളും പൂർത്തീകരിച്ചെങ്കിലും പ്രവർത്തനം ആരംഭിച്ചിട്ടില്ല.
കുന്നത്തുനാട് പഞ്ചായത്തിൽ ഇന്നലെ മാത്രം 546 കൊവിഡ് ബാധിതരും 2 മരണവുമുണ്ട്. കിഴക്കമ്പലത്ത് 694 കൊവിഡ് ബാധിതരും ഒരുമരണവും ഉണ്ട്. ഇത്രയേറെ കൊവിഡ് കേസുകൾ വർദ്ധിക്കുമ്പോഴും അടിസ്ഥാനസൗകര്യം ഒരുക്കുന്നതിൽ പഞ്ചായത്തിനു വീഴ്ചസംഭവിച്ചുവെന്ന ആക്ഷേപം ശക്തമാണ്.
കുന്നത്തുനാട്ടിൽ 30 കിടക്കകളോടെ ഡി.സി.സി സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. 4 സ്റ്റാഫ് നഴ്‌സുമാരേയും ഡേറ്റാ എൻട്രി ഓപ്പറേറ്ററെയും ലഭിക്കാത്തതിനാലാണ് പ്രവർത്തനം വൈകുന്നതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അറിയിച്ചു. കിഴക്കമ്പലത്ത് നാളെ ഡി.സി.സിയുടെ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.