ആലുവ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റൂറൽ പൊലീസ് ആസ്ഥാനത്ത് കൺട്രോൾ റൂം വിപുലീകരിച്ചു. ദിവസവും ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകൾ മെഡിക്കൽ ഉദ്യോഗസ്ഥരിൽനിന്ന് ശേഖരിച്ച് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറും. രോഗികളെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങളിലേക്കോ ആശുപത്രികളിലേക്കോ മാറ്റുന്നതിന് സഹായങ്ങൾ നൽകും, അത്യാവശ്യക്കാർക്ക് മരുന്ന്, ഭക്ഷണം എന്നിവ ലഭ്യമാക്കും. ദിവസേന എസ്.പി കെ. കാർത്തികിന്റെ നേതൃത്വത്തിൽ പരിശോധിച്ച് നടപടിയെടുക്കും.

ഓക്‌സിജൻ കൊണ്ടുവരുന്ന വാഹനങ്ങളുടെ നീക്കങ്ങൾ പരിശോധിച്ച് അവ കൃത്യസ്ഥലത്ത് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, ഓക്‌സിജൻ സിലണ്ടറുകൾ നിറയ്ക്കുന്ന കേന്ദ്രങ്ങളിൽ നിരീക്ഷണം, ഓക്‌സിജൻ വാഹനങ്ങൾക്ക് പൈലറ്റും എസ്‌കോർട്ടും നൽകുക, ഓക്‌സിജൻ ആവശ്യമുള്ള ആശുപത്രികളുടെ വിവരങ്ങൾ ശേഖരിക്കുക, കൊവിഡ് സേഫ്റ്റി അആപ്പിലൂടെ ക്വാറന്റെയിനിലുള്ളവരെ നിരീക്ഷിക്കുക, പൊലീസ് പാസുകൾ വിതരണം ചെയ്യുന്നതിന്റെ നിജസ്ഥിതി അമ്പേഷിക്കുക. എന്നിവയും ഇതിന്റെ ഭാഗമാണ്.

ക്വാറന്റെയിനിൽ കഴിയുന്നവർക്ക് സഹായമെത്തിക്കാൻ ജില്ലയിലുടനീളം 102 ബൈക്ക് പട്രോളിംഗ് സംഘങ്ങളും മൊബൈൽ സംഘങ്ങളും റോന്തുചുറ്റുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിന് 34 ലെയ്‌സൻ ഓഫീസർമാരെ നിയോഗിച്ചു. വ്യാജപ്രചരണങ്ങൾ തടയുന്നതിന് പ്രത്യേക സൈബർവിഭാഗവും പ്രവർത്തിക്കുന്നുണ്ട്.