വൈപ്പിൻ: അയ്യമ്പിള്ളി ഗവ. ആശുപത്രി കൊവിഡ് ചികിത്സാകേന്ദ്രമാക്കണമെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വൈപ്പിനിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും യൂത്ത് കോൺഗ്രസ് ദേശീയ കോ ഓർഡിനേറ്ററുമായ ദീപക് ജോയ് ആവശ്യപ്പെട്ടു. ഈ ആവശ്യം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എൽ.ഡി.എഫ് ഭരിക്കുന്ന വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് കുറ്റപ്പെടുത്തി.
കൊവിഡ് വൈപ്പിൻകരയിൽ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള അയ്യമ്പിള്ളി ഗവ. ഹോസ്പിറ്റൽ ഉപയോഗസജ്ജമാക്കി കൊവിഡ് കേന്ദ്രമാക്കണമെന്നാണ് ദീപക് ജോയിയുടെ ആവശ്യം. 198 ലക്ഷം രൂപ ചെലവഴിച്ചു പണിത പുതിയ ഇരുനിലക്കെട്ടിടം അടച്ചുപൂട്ടി ഇട്ടിരിക്കുകയാണ്. വൈപ്പിൻകരയിലെ ആദ്യകാല ആശുപത്രികളിൽ ഒന്നായിരുന്നു അയ്യമ്പിള്ളി ഹോസ്പിറ്റൽ. കിടത്തി ചികിത്സ നിർത്തിയിട്ടു വർഷങ്ങളായി. ആ സൗകര്യങ്ങൾ നശിച്ചുപോവുകയാണ്. നിലവിലെ സാഹചര്യത്തിൽ വൈപ്പിൻകരയിലെ കൊവിഡ് ബാധിതരായ രോഗികൾക്ക് വലിയ ആശ്വാസം നൽകാൻ ഇതുവഴി കഴിയും. ഇരുന്നൂറോളം പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം നിലവിലുള്ളപ്പോൾ അത് ഉപയോഗപ്പെടുത്താത്തത് അന്വേഷിക്കണം. പുതിയ കെട്ടിടം ഉപയോഗ ശൂന്യമായി കിടക്കുന്നത് സംബന്ധിച്ച് നിലവിൽ പലതവണ പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല.
ആരോപണം വസ്തുതാവിരുദ്ധമെന്ന് ബ്ളോക്ക് പഞ്ചായത്ത്
അയ്യമ്പിള്ളി ആശുപത്രിക്കും വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിനുമെതിരെ ദീപക് ജോയ് നടത്തിയ പ്രസ്താവന വസ്തുതാവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമാണന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ പറഞ്ഞു. ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ച് സി.എഫ്.എൽ.ടി.സി. ആരംഭിക്കുന്ന ജില്ലയിലെതന്നെ അപൂർവം ബ്ലോക്ക് പഞ്ചായത്തുകളിലൊന്നാണ് വൈപ്പിൻ. 28 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. അതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരടക്കമുള്ളവരുടെ യോഗം പലവട്ടം ബ്ലോക്ക് പഞ്ചായത്ത് വിളിച്ച് ചേർക്കുകയും യോജിച്ച തീരുമാനങ്ങൾ കൈകൊള്ളുകയുമുണ്ടായി. അയ്യമ്പിള്ളി ആശുപത്രി സ്ഥിതിചെയ്യുന്ന കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തിലെ ചെറുവൈപ്പിൽ കാരുണ്യഭവൻ ഓഡിറ്റോറിയത്തിൽ സി.എഫ്.എൽ.ടി.സിയുടെ സജ്ജീകരണം പൂർത്തിയായിക്കഴിഞ്ഞു. ജീവനക്കാരുടെ ഇന്റർവ്യൂ ഇന്ന് നടക്കും. അയ്യമ്പിള്ളി ആശുപത്രിയിലെ കെട്ടിടം അടച്ചിട്ടിരിക്കുകയല്ല. കൊവിഡ് വാക്‌സിനേഷൻ നടക്കുന്നത് ഈ കെട്ടിടത്തിലാണ്. കുട്ടികളുടെ കുത്തിവെപ്പ് നടക്കുന്നതും ഫാർമസി സ്റ്റോറും മാനേജ്‌മെന്റ് കമ്മിറ്റികളുൾപ്പടെ വിവിധ യോഗങ്ങൾ നടക്കുന്നതും ഈ കെട്ടിടത്തിലാണ്. അയ്യമ്പിള്ളി ആശുപത്രി കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതിന്റെ ഭാഗമായുള്ള ക്രമീകരണങ്ങളും ഇവിടെയാണൊരുക്കിയിരിക്കുന്നത്. നിലവിൽ നിരവധി രോഗികളെ പരിശോധിക്കുന്നതുൾപ്പെടെയുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ കുഴുപ്പിള്ളിയിലെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ സ്ഥാപനം കൊവിഡ് ആശുപത്രിയായി മാറ്റണമെന്ന ആവശ്യം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പ്രസിഡന്റ് പറഞ്ഞു.