 എല്ലാ പഞ്ചായത്തുകളിലും ഡി.സി.സി, പൊതുഅടുക്കള

പറവൂർ: പറവൂർ താലൂക്ക് ആശുപത്രിയിൽ അമ്പത് പുതിയ ഓക്സിജൻ കിടക്കകൾ കൂടി സജ്ജീകരിക്കും. പ്രസവവാർഡ് ചാലാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പൂർണമായി മാറ്റി താലൂക്ക് ആശുപത്രിയിൽ കൂടുതൽ കൊവിഡ് രോഗികൾക്ക് ആശുപത്രിയിൽ സൗകര്യങ്ങൾ ഏർപ്പെടുത്തും. നിയുക്ത എം.എൽ.എ വി.ഡി. സതീശൻ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. ആശുപത്രിയിലെ നിലവിലെ ഓക്സിജൻ സംവിധാനം മെച്ചപ്പെടുത്തും. നഗരസഭ പറവൂർ ടൗണിൽ ഉടൻ ഡി.സി.സി ആരംഭിക്കും. അധികമായി ആവശ്യമുള്ള ജീവനക്കാരെ പ്രാദേശികമായി നിയമിക്കും. പറവൂർ ടൗൺഹാൾ സെക്കൻഡറി എൽ.ടി.സിയായി ഉയർത്തിയ സാഹചര്യത്തിൽ ഡോക്ടർമാർക്കും ജീവനക്കാർക്കും താമസിക്കാൻ പറവൂർ ടി.ബി ഏറ്റെടുക്കും. നഗരസഭ പുതിയതായി രണ്ട് ആംബുലൻസുകൾ ഏർപ്പെടുത്തും.

നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി, വൈസ് ചെയർമാൻ എം.ജെ. രാജു , ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള ഗോവിന്ദൻ, പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ, ആശുപത്രി സൂപ്രണ്ട് ഡോ. റോസമ്മ, ഡോ. വിനീത തുടങ്ങിയവർ പങ്കെടുത്തു.

മണ്ഡലത്തിലെ പഞ്ചായത്ത്‌ പ്രസിഡന്റുമാരുടേയും സെക്രട്ടറിമാരുടേയും യോഗം പഞ്ചായത്തുകളിലെ സ്ഥിതിഗതികൾ വിലയിരുത്തി. എല്ലാ പഞ്ചായത്തുകളിലും ഡി.സി.സികളും പൊതു അടുക്കളകളും വാഹന സൗകര്യങ്ങളും ഉറപ്പുവരുത്താൻ തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ കൊച്ചുറാണി ജോസഫ്, കെ.എസ്. ഷാജി, കെ.ഡി. വിൻസെന്റ്, ശാന്തിനി ഗോപകുമാർ, രശ്മി അനിൽകുമാർ, റോസി ജോഷി, പഞ്ചായത്ത് സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.