കൊച്ചി: കൊവിഡ് രോഗികൾക്കും ക്വാറന്റൈനിലുളളവർക്കുമായി കൊച്ചി കോർപ്പറേഷൻ നടത്തി വരുന്ന ഭക്ഷണ വിതരണം ഇന്നലെ ടി.ഡി.എം. ഹാളിൽ മുൻ കേന്ദ്രമന്ത്രിയും കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്റുമായ പ്രൊഫ: കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു. ഈ സംരംഭത്തിനായി അര ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുളള അരലക്ഷം രൂപയുടെ ചെക്കും അദ്ദേഹം മേയർ അഡ്വ.എം.അനിൽകുമാറിന് കൈമാറി. പത്‌നി ഷെർലി തോമസും ഒപ്പമുണ്ടായിരുന്നു, തെരുവിൽ കഴിയുന്നവർക്കുള്ള ഭക്ഷണ വിതരണം മേയർ ഉദ്ഘാടനം ചെയ്തു.കോർപ്പറേഷന്റെ മൊബൈൽ മെഡിക്കൽ യൂണിറ്റിലേക്ക് തേവര അർബൻ സഹകരണ ബാങ്ക് ഒരു ആംബുലൻസ് കൂടി വിട്ടുനൽകി. ഇതോടെ കൊവിഡ് രോഗികൾക്ക് അടിയന്തര സഹായമെത്തിക്കുവാൻ ആരംഭിച്ചിട്ടുള്ള മൊബൈൽ മെഡിക്കൽ യൂണിറ്റിലെ ആംബുലൻസുകളുടെ എണ്ണം മൂന്നായി. അർബൻ ബാങ്ക് പരിസരത്ത് നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ടോമി കാനാട്ട് കൈമാറിയ ആംബുലൻസ് മേയർ ഫ്ളാഗ് ഒഫ് ചെയ്തു.
പളളുരുത്തി മണ്ഡലം സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ക്ലിപ്തം നമ്പർ: 65 രണ്ടു ലക്ഷം , പൊലീസ് സഹകരണ സംഘം 1,50,000 രൂപ, ഇൻഡ്യൻ ലായേഴ്‌സ് യൂണിയൻ ഹൈക്കോർട്ട് കമ്മിറ്റി 1,25,000 രൂപ, വെണ്ണല സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നം: 774 ഒരു ലക്ഷം ,റോട്ടറി ക്ലബ് ഒരു ലക്ഷം രൂപയും സംഭാവന നൽകി. നോർത്ത് ഇൻഡ്യൻ ചാരിറ്റബിൾ സൊസൈറ്റിയുടെ ഭാരവാഹി ഹേമന്ത് 8000 ഫുഡ് പാക്കിംഗ് കണ്ടെയിനറുകൾ സമ്മാനിച്ചു. കോൺഫെഡറേഷൻ ഒഫ് ഇൻഡ്യൻ ഇൻഡസ്ട്രി 70,000 രൂപയുടെ പലവ്യഞ്ജന സാധനങ്ങൾ കൈമാറി.നഗരത്തിലെ ഒരു നല്ല പ്രവർത്തനത്തിനും പണം തടസ്സമാവില്ലെന്ന് സംഭാവനകളുടെ കുത്തൊഴുക്ക് ഉറപ്പുതരുന്നുവെന്ന് മേയർ പറഞ്ഞു. നഗരവാസികളും സംഘടനകളും സ്ഥാപനങ്ങളും കഴിയുംവിധത്തിൽ സഹായിക്കണമെന്ന് മേയർ അഭ്യർത്ഥിച്ചു.