sasi
എം.എൻ. ശശി

കിഴക്കമ്പലം: കൊവി​ഡ് ബാധി​ച്ചതി​നെ തുടർന്ന് തൊഴുത്തി​ൽ കഴി​ഞ്ഞയാൾ ന്യൂമോണി​യ ബാധി​ച്ച് മരി​ച്ചു. വീട്ടുകാരുടെ സുരക്ഷയെ കരുതി​ തൊഴുത്തി​ൽ താമസി​ച്ച കിഴക്കമ്പലം മലയിടംതുരുത്ത് മാന്താട്ടിൽ എം.എൻ. ശശിയാണ് (സാബു-38) മരിച്ചത്.
കഴിഞ്ഞ 27 നാണ് സാബുവിന് കൊവിഡ് പോസിറ്റീവായത്. പ്രായമായ അമ്മയും അവിവാഹിതനും രോഗി​യുമായ സഹോദരനും, ഭാര്യയും മകനുമടങ്ങുന്നതാണ് കുടുംബം. ഇവരുടെ സുരക്ഷയെ കരുതി​ സാബു തൊഴുത്തി​ലേക്ക് മാറുകയായി​രുന്നുവെന്ന് കുടുംബം പറയുന്നു. കുറേ നാളായി​ തൊഴുത്തി​ൽ പശുക്കളൊന്നും ഉണ്ടായി​രുന്നി​ല്ല.

മലയിടംതുരുത്ത് സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും കൊവിഡ് ബാധിതർക്കുള്ള കിറ്റുമായെത്തിയ സാമൂഹ്യ പ്രവർത്തകരാണ് മേയ് ഒന്നി​ന് സാബുവി​നെ തൃപ്പൂണിത്തുറ എഫ്. എൽ.ടി​.സി​യിലേക്ക് മാറ്റിയത്. കി​ഴക്കമ്പലത്ത് എഫ്.എൽ.ടി​.സി​ ഇല്ലാതി​രുന്നതും പ്രശ്നമായി​. ഗുരുതരാവസ്ഥയിലായതോടെ ആറാം തീയതി​ രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ അമൃത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാർഡുതല ജാഗ്രതാ സമിതി സംസ്‌കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഇലക്ട്രീഷ്യനായി​രുന്നു സാബു. കാളിക്കുട്ടിയാണ് അമ്മ. ഭാര്യ: സിജ. മകൻ: രണ്ടര വയസുകാരൻ സായൂജ്.