അങ്കമാലി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന അടിയന്തര നഗരസഭാ കൗൺസിലിൽ നിന്ന് ചെയർമാൻ റെജി മാത്യു ഇറങ്ങിപ്പോയെന്ന് പ്രതിപക്ഷം ആരോപിച്ചു. വീഡിയോ കോൺഫറൻസിംഗിൽ നടന്ന യോഗത്തിൽ ഭരണ,പ്രതിപക്ഷ ഭേദമന്യേ ഉന്നയിച്ച കാര്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെയാണ്
ചെയർമാന്റെ ബഹിഷ്‌കരണമെന്ന് എൽ.ഡി.എഫ് കുറ്റപ്പെടുത്തി.
നഗരസഭാ പ്രദേശത്ത് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ അടിയന്തരമായി ചെയ്യേണ്ട
കാര്യങ്ങളിൽ ചെയർമാൻ അമാന്തം കാണിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഈ മഹാമാരി കാലത്ത് ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി നിൽക്കുന്ന സ്ഥിതിവിശേഷം അവസാനിപ്പിക്കണമെന്നും
അല്ലെങ്കിൽ ശക്തമായ ബദൽ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും എൽ.ഡി.എഫ്.പാർലിമെന്ററി പാർട്ടി ലീഡർ ടി.വൈ. ഏല്യാസ്, സെക്രട്ടറി പി.എൻ. ജോഷി, മുൻ ചെയർമാൻ ബെന്നി മൂഞ്ഞേലി,കൗൺസിലർ മാർട്ടിൻ ബി. മുണ്ടാടൻ എന്നിവർ പറഞ്ഞു.
പ്രതിപക്ഷ ആരോപണം ശരിയല്ല
എന്നാൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ശരിയല്ലെന്നും അജണ്ട പാസാക്കി യോഗം
അവസാനിപ്പിശേഷമാണ് ഇറങ്ങിയതെന്നും ചെയർമാൻ പറഞ്ഞു. അനാവശ്യ ചർച്ചകളാണ്
പ്രതിപക്ഷം നടത്തികൊണ്ടിരുന്നത്. കൊവിഡുമായി ബന്ധപ്പെട്ട് സർക്കാരിന്റെ നിർദേശങ്ങളെല്ലാം അങ്കമാലിയിൽ നടപ്പാക്കിയിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു.