കൊച്ചി: വാക്സിനേഷൻ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിന് മുൻകൂർ അനുമതി നിർബന്ധമാക്കി. ആരോഗ്യ പ്രവർത്തകർ, അതാത് വാർഡ് മെമ്പർമാർ എന്നിവർ മുഖേന അറിയിപ്പ് ലഭിച്ചവർ മാത്രമേ വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്താൻപാടുള്ളു. അനുമതിയില്ലാതെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തി തിരക്കുണ്ടാക്കുന്നവർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കും. ആൾക്കൂട്ടം ഉണ്ടാകാൻ കാരണമാകുന്ന വിധത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായാൽ അവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് റൂറൽ ജില്ല പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു. വാക്‌സിനേഷൻ കേന്ദ്രങ്ങൾക്കായുള്ള പ്രവർത്തന മാർഗരേഖ പാലിക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗം നിർദ്ദേശിച്ചു.
കണ്ടെയ്ൻമെന്റ് സോണുകളിലെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ളവർ എത്തരുത്. ഉയർന്ന രോഗ സ്ഥിരീകരണ നിരക്കുള്ള പഞ്ചായത്തുകളിലെ ടെലി മെഡിസിൻ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് കളക്ടർ എസ്. സുഹാസ് അറിയിച്ചു.ഓൺലൈൻ യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മേയർ അഡ്വ.എം. അനിൽകുമാർ, ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.