കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് നിയന്ത്രിച്ച് സർക്കാരിറക്കിയ ഉത്തരവ് കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
സ്വകാര്യ ആശുപത്രികളിലെ അമിത നിരക്കിനെതിരെ പെരുമ്പാവൂർ ഹ്യൂമൻ റൈറ്റ്സ് ഫോറം ലീഗൽ സെൽ വൈസ് ചെയർമാൻ അഡ്വ. സാബു. പി. ജോസഫ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. ഇന്നലെ പ്രത്യേക സിറ്റിംഗ് നടത്തിയാണ് ഹർജി പരിഗണിച്ചത്.
സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം നിരീക്ഷിക്കാൻ ഇൻസിഡന്റ് കമാൻഡർമാരെ നിയോഗിച്ച സർക്കാരിന്റെ നടപടിയെ ഹൈക്കോടതി അഭിനന്ദിച്ചു. സ്വകാര്യ മെഡിക്കൽ കോളേജുകൾക്കും നഴ്സിംഗ് സെന്ററുകളടക്കമുള്ള ആശുപത്രികൾക്കും സർക്കാരിന്റെ ഉത്തരവ് ബാധകമാണ്. സ്വകാര്യ ആശുപത്രികളിലെ നിരക്ക് താങ്ങാനാവുന്നില്ലെന്ന് രോഗികൾ അറിയിച്ചാൽ ഇവരെ തിരിച്ചയക്കാതെ അക്കാര്യം സർക്കാരിന്റെ അധികാരികളെ അറിയിച്ച് ചികിത്സ ഉറപ്പാക്കണം.
ഹൈക്കോടതി
നിർദ്ദേശങ്ങൾ :
പൊതു ടോൾഫ്രീ നമ്പർ ഏർപ്പെടുത്തണം
പ്രവർത്തന രഹിതമായ ആശുപത്രികൾ ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കണം
പി.പി.ഇ കിറ്റ് ഉൾപ്പെടെയുള്ളവയ്ക്ക് എം.ആർ.പിയിൽ കൂടിയ നിരക്ക് ഇൗടാക്കരുത്
ആവശ്യം വന്നാൽ ആഡിറ്റോറിയം, സ്കൂൾ തുടങ്ങിയവ ഏറ്റെടുക്കണം
കൂടുതൽ ഐ.സി.യു ബെഡുകൾ ഒരുക്കുന്നതിന് നടപടി വേണം
സർക്കാർ ഉത്തരവിലെ തുടർ നടപടികൾ പരിശോധിക്കും
അമിത കൊവിഡ് ചികിത്സാ നിരക്ക്
പരാതി തീർപ്പാക്കാൻ ഡി.എം.ഒ,
അപ്പീലിന് മൂന്നംഗ സമിതി
കൊച്ചി: സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്കുമായി ബന്ധപ്പെട്ട പരാതികൾ ജില്ലാ തലത്തിൽ ഡി.എം.ഒ തീർപ്പാക്കുമെന്നും അപ്പീൽ സംസ്ഥാന തലത്തിൽ കേരള ക്ളിനിക്കൽ എസ്റ്റാബ്ളിഷ്മെന്റ് ആക്ട് പ്രകാരം രൂപം നൽകിയ മൂന്നംഗ സമിതി പരിഗണിക്കുമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കി.
സി.കെ. പത്മാകരൻ ചെയർമാനും ഡോ. വി. രാജീവൻ, ഡോ. വി.ജി. പ്രദീപ് കുമാർ എന്നിവർ അംഗങ്ങളുമായ സമിതിയാണ് അപ്പീൽ പരിഗണിക്കുന്നത്. ഇവരുടെ വിവരവും ഇ-മെയിൽ വിലാസവും കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ളിനിക്കൽ എസ്റ്റാബ്ളിഷ്മെന്റ്സിന്റെ വെബ്സൈറ്റിൽ ഉടൻ പ്രസിദ്ധീകരിക്കും. ഡി.എം.ഒയ്ക്ക് പരാതി നൽകാനുള്ള ഫോൺ നമ്പരും ഇ-മെയിൽ വിലാസവും ഉടൻ നിലവിൽ വരും.
സർക്കാർ നിബന്ധനകൾ
• പി.പി.ഇ കിറ്റ്, പൾസ് ഒാക്സിമീറ്റർ, മാസ്ക്, പോർട്ടബിൾ ഒാക്സിജൻ സിലിണ്ടർ, ഭക്ഷണ സാധനങ്ങൾ തുടങ്ങിയവയ്ക്ക് എം.ആർ.പിയിൽ കൂടിയ വില ഇൗടാക്കരുത്.
• മരുന്ന്, ചികിത്സ നിരക്കും ഡോക്ടർ, നഴ്സ് എന്നിവരുടെ ചാർജും പൊതുജനങ്ങളെ അറിയിക്കണം
• ആർ.ടി - പി.സി.ആർ, ട്രൂനാറ്റ്, റാപ്പിഡ് ആന്റിജൻ തുടങ്ങിയ ടെസ്റ്റുകൾക്ക് സർക്കാർ നിശ്ചയിച്ച നിരക്കേ ഈടാക്കാവൂ.
• പ്രതിദിനം ജനറൽ വാർഡിൽ രണ്ടു പി.പി.ഇ കിറ്റുകൾ, ഐ.സി.യുവിൽ അഞ്ച് പി.പി.ഇ കിറ്റുകൾ എന്നിവയുടെ നിരക്ക് മാത്രമേ ഇൗടാക്കാവൂ.
•ആശുപത്രികൾ നിരക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. ഇത് കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ളിനിക്കൽ എസ്റ്റാബ്ളിഷ്മെന്റ്സിന്റെ വെബ്സൈറ്റുമായി ലിങ്ക് ചെയ്യണം.
കൊവിഡ് ചികിത്സാനിരക്ക്:
ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്
നിയമം നടപ്പാക്കണം
തിരുവനന്തപുരം: കൊവിഡ് ബാധയിലും രോഗികളിൽ നിന്ന് സ്വകാര്യ ആശുപത്രികൾക്ക് അമിതമായി ചാർജ് ഈടാക്കാൻ കഴിയുന്നത് കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ് മെന്റ്( രജിസ്ട്രേഷനും നിയന്ത്രണവും) നിയമം പാസ്സാക്കിയിട്ടും നടപ്പിലാക്കാതിരുന്നതിനാൽ.
ആശുപത്രികളിലെ ഗുണനിലവാരം ഉയർത്താനും നിരക്കുകൾ നിയന്ത്രിക്കാനുമാണ് സർക്കാർ നിയമം കൊണ്ടുവന്നത്. ആശുപത്രികൾ,ക്ലിനിക്കുകൾ, ലാബുകൾ , സ്കാനിംഗ് സെന്ററുകൾ തുടങ്ങിയവയാണ് നിയമത്തിന്റെ പരിധിയിൽ . അതേസമയം ,ഇന്നലെയാണ് സർക്കാർ കൊവിഡ് ചികിത്സാ നിരക്കുകൾ നിശ്ചയിച്ചത്.
2010ലെ കേന്ദ്രനിയമത്തിന് അനുസൃതമായി സംസ്ഥാനത്ത് ക്ലിനിക്കൽ ബിൽ കൊണ്ടുവന്നത് 2017ലാണ്. 2018ൽ ബിൽ പാസ്സാക്കി നിയമമായി. 2019 ജനുവരിയിലാണ് ആശുപത്രികളോട് രജിസ്റ്രർ ചെയ്യാനാവശ്യപ്പെട്ടത്. ആദ്യം താത്കാലിക രജിസ്ട്രേഷനും രണ്ടുമാസത്തിനുള്ളിൽ സ്ഥല പരിശോധന നടത്തി രജിസ്ട്രേഷനും നൽകേണ്ടതായിരുന്നു. രണ്ടുവർഷത്തിനുള്ളിൽ രജിസ്ട്രേഷൻ ലഭിക്കാത്തവ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും പ്രവർത്തിക്കാൻ കഴിയില്ല. 2021 ഫെബ്രുവരിൽ നിയമത്തിന് സർക്കാർ ഭേദഗതി കൊണ്ടുവന്നു. രണ്ട് വർഷത്തെ കാലാവധി മൂന്നു വർഷമാക്കി .
നിരക്ക് നിശ്ചയിക്കാം
നിയമത്തിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ ആരോഗ്യവകുപ്പ് സെക്രട്ടറി ചെയർപേഴ്സണായി കൗൺസിലും ജില്ലാ തലത്തിൽ ജില്ലാ കളക്ടർ അദ്ധ്യക്ഷനായി ജില്ലാ അതോറിട്ടികളും രൂപീകരിക്കണം. ഈ സമിതികൾക്ക് ചികിത്സാ നിരക്കുകൾ നിശ്ചയിക്കാം. ഓരോ ആശുപത്രിയും ചികിത്സാ നിരക്ക് മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണം. . താത്കാലിക രജിസ്ട്രേഷന് ഓൺലൈനായി അപേക്ഷിച്ചവർക്ക് പിന്നീട് അറിയിപ്പുകളൊന്നും ലഭിച്ചില്ല. നിയമം ലംഘിക്കുന്ന ആശുപത്രികളിൽ നിന്ന് പതിനായിരംമുതൽ അഞ്ച് ലക്ഷം രൂപ വരെ പിഴ ഈടാക്കാം.