തോപ്പുംപടി: പശ്ചിമകൊച്ചിയിൽ കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കുന്നതിന് ഒഴിഞ്ഞുകിടക്കുന്ന ഹാളുകൾ, വലിയ സ്ക്കൂളുകൾ, പരിപാലന കേന്ദ്രങ്ങൾ തുടങ്ങിയവയുടെ പട്ടിക തയ്യാറാക്കുന്നു.റവന്യു വകുപ്പും ജില്ലാഭരണകൂടവും സംയുക്തമായാണ് വിവരശേഖണരം നടത്തുന്നത്. കഴിഞ്ഞവർഷം തയ്യാറാക്കിയ പട്ടികയിൽ പരിശോധിച്ചു. ഈ സ്ഥാപനങ്ങളുടെ ഇന്നത്തെ സൗകര്യങ്ങളെക്കുറിച്ച് വിലയിരുത്തി. വരും ദിവസങ്ങളിൽ ഇവിടെ അവശ്യസാധനങ്ങൾ ഒരുക്കും. പശ്ചിമ കൊച്ചിയിൽ കൊവിഡ് പ്രാഥമിക കേന്ദ്രങ്ങളിൽ 4 എഫ്.എൽ.ടി.സികളും 4 പൊതു ആശുപത്രികളും 8 സ്വകാര്യ ആശുപത്രികളുമാണുള്ളത്. ചെല്ലാനം - കുമ്പളങ്ങി പഞ്ചായത്തുകളിലും സ്ഥിതി അതീവഗുരുതരമാണ്. പല സ്ഥലങ്ങളിലും താമസ കേന്ദ്രങ്ങളിലെ അസൗകര്യം മൂലം ജനങ്ങൾ സർക്കാർ പരിചരണ കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. ഇതും ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ പൊലീസിന്റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ പ്രധാനപ്പെട്ട ജംഗ്ഷനുകളിൽ പരിശോധനയും ജില്ലാ ഭരണകൂടം ശക്തമാക്കിയിട്ടുണ്ട്.