കുറുപ്പംപടി: രായമംഗലം പഞ്ചായത്തിലെ പതിനേഴാംവാർഡിൽ പീച്ചനാംമുകളിൽ വീടിന് മുകളിലേക്ക് മഴയിൽ മണ്ണിടിഞ്ഞുവീണു. വാഴയിൽ സുനിൽജിത്തിന് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ലഭിച്ച വീടിന് മുകളിലേക്കാണ് സമീപത്തെ മലയിടിഞ്ഞ് മണ്ണ് പതിച്ചത്. തിങ്കളാഴ്ച വൈകിട്ട് 5.30ഓടെയാണ് സംഭവം. വലിയ പാറക്കല്ലുകളടക്കം പതിച്ച് വീടിന്റെ പിൻവശത്തെ ഗ്രില്ലും അടുക്കളയും തകർന്നു. ഈ സമയം വീട്ടുവരാന്തയിൽ സുനിൽജിത്തും ഭാര്യയും ഉണ്ടായിരുന്നെങ്കിലും ഓടിമാറിയതിനാൽ ദുരന്തമൊഴിവായി. ഇനിയും ഈ പ്രദേശത്ത് അപകടമുണ്ടാകാൻ സാദ്ധ്യതയുണ്ടന്നാണ് വിലയിരുത്തൽ. രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ, പഞ്ചായത്തംഗം കുര്യൻ പോൾ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. എത്രയുംവേഗം ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.