പെരുമ്പാവൂർ: ''ചേട്ടാ, ഊണ് കഴിച്ചോ'' അടച്ചുപൂട്ടിയ പെരുമ്പാവൂരിലൂടെ ഉച്ചസമയത്ത് നടന്നു പോകുന്നവർ ഈ ചോദ്യത്തെ പലവട്ടം അഭിമുഖീകരിക്കേണ്ടി വരും. രോഗം വ്യാപിക്കുമ്പോൾ കരുതൽ കരുത്താർജ്ജിക്കുന്നതിന്റെ പ്രത്യക്ഷ കാഴ്ച്ചകൾക്കാണ് പെരുമ്പാവൂർ നഗരം നേർസാക്ഷ്യം വഹിക്കുന്നത്. ലോക്ഡൗണിൽ ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നവർക്ക് പെരുമ്പാവൂരിൽ ഭക്ഷണം ഒരുക്കി കാത്തിരിക്കുന്നത് നിരവധി പേരാണ്. നിയന്ത്രണകാലത്തെ പ്രതിരോധവും കരുതലും ഉത്തരേന്ത്യക്കാർക്കാണ് ഏറെ പ്രയോജനപ്പെടുന്നത്. ഭക്ഷണം പൊതിയാക്കി അർഹമായവരെ കണ്ടെത്തിയാണ് വിതരണം നടക്കുന്നത്. നോമ്പുകാലത്തും അധികം ഭക്ഷണം ഉണ്ടാക്കി ആവശ്യക്കാർക്ക് നൽകി തെരുവുകൾ അനാഥമല്ലെന്ന് ഊട്ടി ഉറപ്പിക്കുന്ന കാഴ്ച്ചകളാണ് പെരുമ്പാവൂർ സമ്മാനിക്കുന്നത്.
പതിവു പോലെ സർക്കാർ നിർദ്ദേശമനുസരിച്ച് പെരുമ്പാവൂർ നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചൻ മുനിസിപ്പൽ ഓഫീസ് വളപ്പിലെ കുടുംബശ്രീ കാന്റീനിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ദിനംപ്രതി അഞ്ഞൂറോളം ഭക്ഷണപൊതികളാണ് ഇവിടെ നിന്നും വിതരണം ചെയ്യുന്നത്. കുടുംബശ്രീപ്രവർത്തകർ, വാർഡ് കൗൺസിലർമാർ, സന്നദ്ധസംഘടനകൾ എന്നിവർ ചേർന്നാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്.
ഇതിനോടൊപ്പം തന്നെ ആരംഭിച്ച ജനകീയ അടുക്കളയും ഏറെ ശ്രദ്ധേയമാണ്. പെരുമ്പാവൂർ ഗേൾസ് സ്‌ക്കൂളിന് എതിർവശത്തുളള ഇന്ദ്രപ്രസ്ഥ ഹോട്ടലിൽ വിവിധ റസിഡന്റ്‌സ് അസോസിയേഷനുകൾ, ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ്‌സ് അസോസിയേഷൻ, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. മുന്നൂറോളം പേർക്കാണ് ഇവിടെ നിന്നും ഭക്ഷണപൊതികൾ ദിവസേനെ വിതരണം ചെയ്യുന്നത്. ഫോണിൽ വിളിച്ച് പറയുന്നവർക്കാണ് ഇത് എത്തിച്ച് നൽകുന്നത്.
വിഭവസമൃദ്ധമായ 200 ഭക്ഷണപൊതികളുമായി വല്ലം യങ് ചലഞ്ചേഴ്‌സ് ക്ലബ് പ്രവർത്തകർ രംഗത്തെത്തി. ക്ലബ്ബ് പ്രസിഡന്റ് ജഫർ റോഡ്രിക്സിന്റെ നേതൃത്വത്തിൽ ആരംഭിച്ച അടുക്കള മുനിസിപ്പൽ ചെയർമാൻ സക്കീർ ഹുസൈനാണ് ഉദ്ഘാടനം ചെയ്തത്. വല്ലം ഫൊറോന വികാരി ഫാ.പോൾ മാടശേരിയാണ് ഭക്ഷണവിതരണോദ്ഘാടനം നടത്തിയത്. സമീപവാസിയായ എ. ഒ. പൗലോസിന്റെ വസതിയിലാണ് പാകം ചെയ്യുന്നത്.
കൊവിഡിന്റെ രണ്ടാംഘട്ടത്തിന്റെ ആദ്യം മുതൽക്കേ 55 പേർക്ക് ഭക്ഷണപ്പൊതിയും കുപ്പിവെളളവും വിതരണം ചെയ്ത് തുടങ്ങിയതാണ് കെ എസ് ആർടിസി ബസ് സ്റ്റാന്റിന് സമീപത്തെ സൂര്യകാന്തി ഫയർവർക്‌സ് ഉടമ നിത്യാനന്ദൻ. നിലവിൽ ഇദ്ദേഹത്തിന്റെ വകയായും പെരുമ്പാവൂരിൽ ഭക്ഷണവിതരണവും നടന്നു വരുന്നുണ്ട്.
ലോക്ഡൗണിന്റെ ആദ്യപതിപ്പിൽ ഭക്ഷണം വിതരണം വലിയ തോതിൽ നടത്തി സർക്കാരിനെയും ജനങ്ങളേയും ഒരു പോലെ സഹായിച്ച നിരവധി വ്യക്തികളും സംഘടനകളും വീണ്ടും പെരുമ്പാവൂരിൽ ഭക്ഷണവിതരണത്തിന് തയ്യാറെടുക്കുകയാണ്. ഇത് കൂടാതെ മരുന്നുകളും അത്യാവശ്യ സഹായങ്ങളെല്ലാം നടന്നു വരുന്നു.കേരളത്തെ നന്മയുളള ലോകമാക്കാൻ ഇതിലും വലിയ ഉദാഹരണങ്ങളില്ലെന്നാണ് പെരുമ്പാവൂരിലെ ഭക്ഷ്ണവിതരണം കാട്ടി തരുന്നത്.