കൊച്ചി: വിപ്ലവ നായിക കെ.ആർ ഗൗരി അമ്മയ്ക്ക് ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകരിൽ ഏറ്റവും ശ്രദ്ധേയമായ സ്ഥാനമുണ്ടെന്ന് ജെ.എസ്.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എ.എൻ. രാജൻബാബു അനുസ്മരിച്ചു. സുദീർഘവും സംഭവബഹുലവുമായ കർമ്മകാണ്ഡം അവകാശപ്പെടാവുന്ന മറ്റൊരു നേതാവ് ഗൗരി അമ്മയെപ്പോലെ ദേശീയതലത്തിലുണ്ടാകില്ല.
1948 മുതൽ 2011 വരെ എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും മത്സരിച്ച് 12 പ്രാവശ്യം വിജയിച്ചു. മരിക്കും വരെ രാഷ്ട്രീയ പാർട്ടിയുടെ അമരത്തു തുടർന്നു. വിപ്ലവത്തിളപ്പും കർക്കശ നിലപാടുകളും ഗൗരി അമ്മയുടെ ആർദ്രമായ മനസിനെ പൊതിഞ്ഞു നിന്നു. ദീർഘകാലത്തെ ത്യാഗോജ്ജ്വലവും സംശുദ്ധവും അഴിമതി രഹിതവും നിസ്വാർത്ഥവുമായ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഉടമയാണ്. മർദ്ദിതർക്കു വേണ്ടി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തി. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ പ്രതീകം, സാമൂഹ്യനീതിയുടെയും സ്ത്രീ ശാക്തീകരണത്തിന്റെയും വക്താവ്, ഭാവനാ സമ്പന്നയായ സംഘാടക, ആറ് മന്ത്രിസഭകളിലായി 16 വർഷം മന്ത്രി എന്നിങ്ങനെ ഗൗരി അമ്മയുടെ മികവുകളേറെ.
എതിർപ്പുകളുടെ തീജ്വാലയ്ക്കു മുമ്പിലും അചഞ്ചലമായി നിൽക്കാനുള്ള ധീരതയും വിശ്വാസങ്ങൾക്കായി അവസാനം വരെ മുഖം നോക്കാതെ പൊരുതാനുള്ള കരളുറപ്പും ഗൗരി അമ്മയുടെ സ്വഭാവമുദ്രകളാണ്. ഭൂപരിഷ്‌കരണ നിയമം, പൊതുപ്രവർത്തക അഴിമതി നിരോധന നിയമം, സംവരണ സംരക്ഷണ നിയമം, വനിതാ കമ്മിഷൻ നിയമം, കുടികിടപ്പുകാരെയും പാട്ടക്കാരെയും ഒഴിപ്പിക്കുന്നതിനെതിരായ നിയമം തുടങ്ങി വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയ നിരവധി നിയമങ്ങളുടെയും ടെക്‌നോപാർക്ക് ഉൾപ്പെടെയുള്ള വിപ്ലവകരമായ പദ്ധതികളുടെയും മുഖ്യശില്പി ഗൗരി അമ്മയായിരുന്നു.