കൊച്ചി: ചിലവന്നൂർ കായൽ കൈയേറിയവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ജില്ലാ കളക്ടർ നടത്തിയ പരിശോധനയിൽ 114 പേർ കായൽ കയേറിയെന്ന് കണ്ടെത്തിയെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. കൈയേറ്റക്കാരിൽ ഭൂരിഭാഗവും സ്വാധീനമുള്ള വമ്പൻ കച്ചവടക്കാർ, താരങ്ങൾ, ഉയർന്ന ഉദ്യോഗത്തിൽ നിന്ന് വിരമിച്ചവർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരാണ്. നെൽവയൽ, തണ്ണീർത്തട നിയമങ്ങൾ, തീരദേശ പരിപാലന നിയമം, റവന്യൂ ഭൂമി കൈയേറ്റ നിയങ്ങൾ എന്നിവയുടെ ലംഘിച്ചതായി കോടതിയും കണ്ടെത്തിയിരുന്നു. ഫോർട്ടുകൊച്ചി ആർ.ഡി.ഒയുടെ റിപ്പോർട്ടും കൈയേറ്റം ഒഴിപ്പിക്കുന്നതിനും അനധികൃത നിർമ്മിതികൾ പൊളിച്ചുമാറ്റുന്നതിനുള്ള നിർദ്ദേശങ്ങളും കൊച്ചി കോർപ്പറേഷൻ ഓഫീസിൽ സ്വാധീനങ്ങൾ മൂലം പൂഴ്ത്തിവച്ചു. കൈയേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി ജില്ലാ കോ ഓർഡിനേറ്റർ അഡ്വ. ജോസ് ചിറമേൽ, മണ്ഡലം കോ ഓർഡിനേറ്റർമാരായ ഫോജി ജോൺ, ജോർജ് കാളിപറമ്പിൽ, ജോസ്മി ജോസ് എന്നിവരുടെ നേതൃത്വത്തിൽ കോർപ്പറേഷൻ അധികൃതർക്ക് നിവേദനം നൽകി. കോടതി വിധി നടപ്പാക്കി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് അവർ പ്രസ്താവനയിൽ അറിയിച്ചു.