റെസി. അസോസിയേഷനുകൾ കാമറകൾ വയ്ക്കുന്നു
കൊച്ചി: ഇരുട്ടിന്റെ മറവിൽ മാലിന്യം തള്ളുന്നവർ, വാഹനങ്ങളിലെത്തി കുറ്റകൃത്യങ്ങൾ നടത്തി പാഞ്ഞുപോകുന്നവർ, നിയമപാലകരുടെ തലവേദനകളാണിതെല്ലാം.റെസിഡൻസ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ ഇടറോഡുകളിലും തിരക്ക് കുറഞ്ഞ വഴികളിലും നിരീക്ഷണ കാമറകൾ സ്ഥാപിച്ചത് ഇപ്പോൾ പൊലീസിന് ആശ്വാസമായിരിക്കുകയാണ്. ചളിക്കവട്ടത്തു കാൽനടയാത്രക്കാരന്റെ ബാഗു തട്ടിയെടുത്തു രക്ഷപ്പെട്ട മോട്ടോർബൈക്ക് യാത്രക്കാരനെ കടവന്ത്ര പൊലീസ് തിരിച്ചറിഞ്ഞതു സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ്. നഗരത്തിൽ കൂടുതൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് റെസിഡൻസ് അസോസിയേഷനുകൾ. സ്വന്തംനിലയിലും തദ്ദേശസ്ഥാപനങ്ങളുടെയും സഹായത്തോടെയും പാലാരിവട്ടം,ചളിക്കവട്ടം,പൊന്നുരുന്നി,മേഖലകളിൽ ഇതിന് തുടക്കമിട്ടുകഴിഞ്ഞു. അസോസിയേഷനുകൾ മുമ്പും പലയിടത്തും കാമറകൾ വച്ചിട്ടുണ്ടെങ്കിലും ഇത്രയുമെണ്ണം ഒരുമിച്ചുവയ്ക്കുന്നത് ഇതാദ്യമായാണ്.
ദൃശ്യങ്ങൾ പൊലീസ് സ്റ്റേഷനിൽ
പാലാരിവട്ടത്തും സമീപപ്രദേശങ്ങളിലും അയ്യായിരത്തോളം വീടുകളും ഫ്ളാറ്റുകളും ഉൾപ്പെടുന്ന ഭാഗങ്ങളിൽ 54 കാമറകൾ സ്ഥാപിച്ചു. മികച്ച പ്രവർത്തനം നടത്തിയ അസോസിയേഷനുകൾക്ക് പി.ടി.തോമസ് എം.എൽ.എ സമ്മാനിച്ച അവാർഡു തുക സ്വരൂപിച്ചാണ് പണം കണ്ടെത്തിയത്. പാലാരിവട്ടം, കടവന്ത്ര പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് കാമറകൾ. ദൃശ്യങ്ങൾ സ്റ്റേഷനിൽ ലഭിക്കും.
പൊന്നുരുന്നിയിൽ 17 കാമറകൾ
പൊന്നുരുന്നി റോഡിന് പടിഞ്ഞാറ് ഭാഗത്തുള്ള ലാൽസലാം റെസിഡൻസ് അസോസിയേഷൻ സ്വന്തം നിലയിൽ 17 കാമറകൾ സ്ഥാപിച്ചു. 164 കുടുംബങ്ങൾ ചേർന്നാണ് പണം സ്വരൂപിച്ചത്. ആകെ ചെലവ് രണ്ടു ലക്ഷം രൂപ. ഫുട്ടേജ് അടുത്തുള്ള വീടുകളിലെ നാലു സെർവറുകളിലാണ്.പൊലീസ് ആവശ്യപ്പെട്ടാൽ ദൃശ്യങ്ങൾ നൽകും.
കൂടുതൽ കാമറകൾ സ്ഥാപിക്കും
കാമറകൾ സ്ഥാപിച്ചതോടെ സുരക്ഷ മെച്ചപ്പെട്ടു.കൂടുതൽ റെസിഡൻസ് അസോസിയേഷനുകൾ ഈ മാതൃക പിന്തുടരട്ടെ. ആദ്യസെറ്റ് കാമറ വച്ചപ്പോൾ തന്നെ സാമൂഹ്യവിരുദ്ധരുടെ ശല്യം ഒഴിവായി. കൊവിഡ് കാലം കഴിഞ്ഞ് കൂടുതൽ കാമറകൾ വയ്ക്കാൻ പദ്ധതിയുണ്ട്.
ഡി.ജി.സുരേഷ്
എഡ്രാക്ക് ജില്ല കമ്മിറ്റി അംഗം
കനാൽ ക്ളീനായി
കാമറകൾ വച്ചതോടെ നഗരത്തിലെ തോടുകൾ കുറച്ച് വൃത്തിയായിട്ടുണ്ടെന്ന് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് പ്രഥമ പരിഗണന. 17 എണ്ണം രണ്ടു ഘട്ടങ്ങളിലായി വച്ചു. മൂന്നാം ഘട്ടത്തിൽ പൊന്നുരുന്നിയിലെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും. എഡ്രാക്ക് ജില്ല കമ്മിറ്റി അംഗം പി.ജി.ജയമോഹൻ പറഞ്ഞു. കാമറകൾ പലവട്ടം സ്ഥാപിച്ചുവെങ്കിലും ഏറെ വൈകാതെ കേടാകുകയാണ് പതിവ്. അതൊഴിവാക്കാൻ പരിപാലനവും പരിശോധനയും നടത്തും. സിറ്റി പൊലീസ് സ്ഥാപിച്ച 99 കാമറകളും വൈകാതെ പ്രവർത്തനരഹിതമായി. സ്വകാര്യ സ്ഥാപനങ്ങളിലെ കാമറകളെയാണ് പൊലീസ് കൂടുതൽ ആശ്രയിക്കുന്നത്.