കൊച്ചി: കേരളത്തിന്റെ രാഷ്ട്രീയ, പൊതുപ്രവർത്തന, ഭരണരംഗങ്ങളിൽ അതുല്യമായ വ്യക്തിമുദ്ര പതിപ്പിച്ച കമ്മ്യൂണിസ്റ്റ് നേതാവ് കെ.ആർ. ഗൗരിഅമ്മയുടെ നിര്യാണത്തിൽ അനുശോചിച്ച് കേരളീയസമൂഹം.

 വ്യക്തിമുദ്ര പതിപ്പിച്ച നേതാവ് : കർദിനാൾ ആലഞ്ചേരി

രാഷ്ട്രീയത്തിലും ഭരണരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ് കെ.ആർ. ഗൗരിഅമ്മയെന്ന് കേരള കത്താേലിക്കാ മെത്രാൻ സമിതി പ്രസിഡന്റ് കർദിനാൾ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു.

 ശക്തമായ സ്ത്രീ നേതൃത്വം : ആർച്ച് ബിഷപ്പ് കളത്തിപ്പറമ്പിൽ

ഈ നൂറ്റാണ്ടിൽ കേരളം കണ്ട ഏറ്റവും ശക്തമായ സ്ത്രീനേതൃത്വമാണ് കെ.ആർ. ഗൗരിഅമ്മയെന്ന് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു.

 മഹത്‌വനിത : പീപ്പിൾസ് മൂവ്‌മെന്റ്

കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ സ്തുത്യർഹമായ പങ്കുവഹിച്ച നോതാവണ് കെ.ആർ. ഗൗരിഅമ്മയെന്ന് കേരള പീപ്പിൾസ് മൂവ്‌മെന്റ് യോഗം അനുസ്മരിച്ചു. ചെയർമാൻ അഡ്വ. ജേക്കബ് പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു.

 മാതൃകാനേതാവ് : ആർ.ജെ.ഡി

ദേശീയരാഷ്ട്രീയത്തിന് തന്നെ മാതൃകയും അഭിമാനവുമായ വനിതാനേതാവാണ് കെ.ആർ. ഗൗരിഅമ്മയെന്ന് ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് അനു ചാക്കോ അനുസ്മരിച്ചു.

 കരുത്തയായ വനിത: കെ.എം.സി.സി

കേരള രാഷ്ട്രീയത്തിലെ യുഗാന്ത്യമാണ് കെ.ആർ. ഗൗരിഅമ്മയുടെ വേർപാടെന്ന് കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് അനുസ്മരിച്ചു. രാഷ്ട്രീയത്തിനും പൊതുസമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണെന്ന് ചേംബർ പ്രസിഡന്റ് ജി. കാർത്തികേയൻ, ജനറൽ സെക്രട്ടറി കെ.എം. വിപിൻ എന്നിവർ പറഞ്ഞു.