pvs
നിയുക്ത എം.എൽ.എ പി.വി. ശ്രീനിജിൻ, ബെന്നി ബഹനാൻ എം.പി തുടങ്ങിയവർ റാപ്പിഡ് ആക്ഷൻ ടീമിന്റെ ക്വാറന്റൈയിൻ കേന്ദ്രം സന്ദർശിച്ചപ്പോൾ

കിഴക്കമ്പലം: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ നാടിന് മാതൃകയായി റാപ്പിഡ് ആക്ഷൻ ടീം ജാഗ്രതാസമിതി. കുന്നത്തുനാട് പഞ്ചായത്തിൽ പെരിങ്ങാല കേന്ദ്രീകരിച്ച് അഞ്ചുവർഷം മുമ്പാണ് സമിതിയുടെ തുടക്കം. പഞ്ചായത്തിലെ 11മുതൽ 17വരെ വാർഡുകളിലാണ് പ്രവർത്തനം. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പെരിങ്ങാല ഐ.സി.ടി സ്‌കൂളിൽ 50 കിടക്കകളോടു കൂടിയ ക്വാറന്റെയിൻ സെന്ററും പീസ് വാലി ആസ്​റ്റർമെഡിസി​റ്റിയുടെ സഹകരണത്തോടെ ആരോഗ്യപ്രവർത്തകരും ഓക്‌സിജൻ സംവിധാനവും ജീവൻരക്ഷാ മരുന്നുകളും വാഹനത്തിൽ ഒരുക്കിക്കൊണ്ട് മൊബൈൽ ക്ലിനിക്, മൂന്ന് ആംബുലൻസുകളും പതിനഞ്ചോളം വാഹനങ്ങളും സർവ സജ്ജരായുണ്ട്.

ഇവരുടെ പ്രവർത്തനങ്ങൾക്കൊപ്പം ബെന്നി ബഹനാൻ എം.പിയും നിയുക്ത എം.എൽ.എ പി.വി. ശ്രീനിജിനും വടവുകോട് ബ്ലോക്ക് പഞ്ചായത്തും ഗൈഡൻസ് ഇന്ത്യ ചാരി​റ്റബിൾ എഡ്യുക്കേഷണൽ ആൻഡ് ചാരി​റ്റബിൾ ട്രസ്​റ്റും സഹകരിക്കുന്നു. സമിതിയുടെ ചെയർമാൻ നിസാർ ഇബ്രാഹിമാണ്. കൺവീനർ കെ.ഇ. അലിയാർ, സെക്രട്ടറി ഹബീബ് ഉസ്മാൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു അച്ചു, പഞ്ചായത്ത് അംഗം കെ.കെ. മൊയ്തീൻ, എം.ബി. യൂനുസ്, പി.കെ. അബൂബക്കർ, മായാ വിജയൻ, ടി.എ. ഇബ്രാഹിം, ജോസ് ജോർജ്, അർഷദ് പെരിങ്ങാല തുടങ്ങിയവർ നേതൃത്വം നൽകുന്നു.