ആലുവ: അനധികൃത മദ്യവില്പനയുമായി ബന്ധപ്പെട്ട് ഒരു മാസത്തിനിടയിൽ റൂറൽ ജില്ലയിൽ പൊലീസ് പിടികൂടിയത് 100 ലിറ്ററോളം മദ്യവും ആയിരം ലിറ്ററോളം വാഷും. ഇതിൽ മുപ്പത് ലിറ്ററോളം ചാരായവും വരും. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പരിശോധന തുടരുകയാണ്.

മലയോരമേഖലകൾ, പുഴത്തീരങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് ചാരായ നിർമ്മാണത്തിനാവശ്യമായ വാഷ് കണ്ടെത്തിയത്. വ്യാജമദ്യം കണ്ടുപിടിക്കാൻ സബ് ഡിവിഷനുകൾ അടിസ്ഥാനത്തിൽ പ്രത്യേക സ്‌ക്വാഡുകളാണ് രൂപീകരിച്ചിട്ടുള്ളത്. ജില്ലാ ആന്റി നർക്കോട്ടിക് സ്പഷ്യൽ ആക്ഷൻ ഫോഴ്‌സും പരിശോധനക്ക് നേതൃത്വം നൽകുന്നുണ്ട്. വാഹനങ്ങളെല്ലാം കർശന പരിശോധനക്ക് ശേഷമാണ് കടത്തിവിടുന്നത്.

മുൻകാലങ്ങളിൽ മദ്യനിർമ്മാണവും വില്പനയുമായി ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരെ പ്രത്യേകമായി നിരീക്ഷിക്കുന്നുണ്ട്. ഇവർ സമാനമായ കേസുകളിൽ ഉൾപ്പെട്ടാൽ കാപ്പ ഉൾപ്പടെയുള്ള നിയമനടപടി സ്വീകരിക്കും.