കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിൽ ആരംഭിച്ച ഡൊമിസിലിയറി കെയർ സെന്ററിന്റെ ഉദ്ഘാടനം നിയുക്ത എം.എൽ.എ ആന്റണി ജോൺ നിർവഹിച്ചു. കൂവള്ളൂർ ഇർഷാദിയ സ്‌കൂൾ പ്രിൻസിപ്പൽ സെയ്തുമുഹമ്മദ് അൽ കാസിമി വിട്ടുനൽകിയ സ്‌കൂൾ കെട്ടിടത്തിലാണ് പ്രവർത്തനം. രണ്ട് ബ്ലോക്കുകളിലായി 30 ബെഡുകളാണ് ക്രമീകരിച്ചിട്ടുള്ളത്. ഡി.വൈ.എഫ്‌.ഐ പൈമറ്റം മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ആവശ്യമായ ബക്കറ്റും കപ്പും പുലിക്കുന്നേപ്പടി ജുമാ മസ്ജിദ് പരിപാലനസമിതി കൈമാറിയിരുന്നു. വ്യാപാരികളും അടിവാട്, മാവുടി ജുമാമസ്ജിദ് പരിപാലന സമിതിയും അവശ്യവസ്തുക്കളും പി.പി.ഇ കിറ്റും കൈമാറി.

പഞ്ചായത്ത് പ്രസിഡന്റ് കദീജ മുഹമ്മദ്, സെക്രട്ടറി എം.എം ഷംസുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോൾ ഇസ്മായിൽ, കവളങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ബി. മുഹമ്മദ്, എം.എം. ബക്കർ, വാർഡ് മെമ്പർമാർ, യൂത്ത് കോ ഓർഡിനേറ്റർ ഹക്കീംഖാൻ, വി.എസ്. നൗഫൽ തുടങ്ങിയവർ പങ്കെടുത്തു.