sindhu-mohanan

തൃക്കാക്കര: വൈഗ കൊലക്കേസ് പ്രതിയും വൈഗയുടെ പിതാവുമായ സാനു മോഹൻ പൂനെയിൽ ആറുകോടിയുടെ തട്ടിപ്പ് നടത്തി കേരളത്തിലേക്ക് ഒളിച്ചോടിയത് വ്യക്തമായ ആസൂത്രണത്തോടെയായിരുന്നെന്ന് മുംബയ് ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് കൊടുത്ത കസ്റ്റഡി അപേക്ഷയിൽ പറയുന്നു.

2016ൽ സാനു മുങ്ങിയത് ഭാര്യയെയും കുട്ടിയെയും സുരക്ഷിതമായി ട്രെയിനിൽ കയറ്റി നാട്ടിലേക്ക് വിട്ടശേഷമാണ്. കൊച്ചിയിൽ ഇയാൾ എത്തിയത് സ്വന്തം കാറിലും. തെളിവ് നശിപ്പിക്കാനാണ് ഇയാൾ ഈ കാർ കോയമ്പത്തൂരിൽ പൊളിക്കാൻ വിറ്റത്. മുംബയ് വിടുംമുമ്പ് കാക്കനാട് ഭാര്യയുടെ പേരിൽ ഫ്‌ളാറ്റും വാങ്ങി.

കഴിഞ്ഞ ദിവസം പൂനെയിൽ ശ്രീസായ് മെറ്റൽസിൽ പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു.കസ്റ്റഡി കാലാവധി കഴിഞ്ഞ സാനുവിനെ ഇന്നലെ പൊലീസ് കോടതിയിൽ ഹാജരാക്കി വീണ്ടും കസ്റ്റഡിയിൽ വാങ്ങി. തമിഴ്നാട്ടിലും കേരളത്തിലും അന്വേഷണം പൂർത്തീകരിക്കേണ്ടതിനാൽ നാലുദിവസത്തെ കസ്റ്റഡി വേണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. സാനുവിന്റെ ഭാര്യ രമ്യയെയും ചോദ്യം ചെയ്യുമെന്ന് മുംബയ് പൊലീസ് സബ് ഇൻസ്‌പെക്ടർ വിജയ് ചൗരെ വ്യക്തമാക്കി.

താൻ ആറു കോടി രൂപയുടെയല്ല, രണ്ട് കോടിയുടെ സ്റ്റീൽ മാത്രമേ വാങ്ങിയിട്ടുള്ളൂവെന്നാണ് സാനുവിന്റെ മൊഴി. പണം കൊടുക്കാത്തതിനാൽ വാങ്ങിയ സ്റ്റീലിൽ പകുതിയിലേറെ കമ്പനി തന്നെ തിരിച്ചെടുത്തു. ഡെപ്പോസിറ്റായി നൽകിയ ചെക്കാണ് കമ്പനി തനിക്കെതിരെ ഉപയോഗിച്ചതെന്നും സാനു മൊഴി നൽകി.

പൂനെയിൽ ശ്രീസായ് മെറ്റൽസ് എന്ന പേരിൽ ലെയ്‌ത്ത് ബിസിനസ് നടത്തിയിരുന്നപ്പോഴുള്ള സാനുവിന്റെ കണക്കുകളും മറ്റും ഇയാളുടെ ഫ്ളാറ്റിൽ നിന്ന് നേരത്തെ കണ്ടെത്തിയിരുന്നു.