കൊച്ചി: അപരാജിതധൂമചൂർണം പുകയ്ക്കുന്നത് ഉൾപ്പടെ പൊതുജനാരോഗ്യത്തിലെ ആയുർവേദ സാദ്ധ്യതകൾ ഉപയോഗപ്പെടുത്താൻ ആലപ്പുഴ നഗരസഭയെപ്പോലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും മുമ്പോട്ടുവരണമെന്ന് കേരള സ്റ്റേറ്റ് ഗവൺമെന്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.കാലങ്ങളായി ഉപയോഗത്തിലുള്ളതും ആധുനികപഠനങ്ങളിൽ അണുനാശകസ്വഭാവം തെളിയിക്കപ്പെട്ടതുമായ ആയുർവേദ ഔഷധങ്ങളെക്കുറിച്ച് അറിവില്ലാത്ത സംഘടനകളുടെ അനാവശ്യ വിവാദങ്ങൾ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ചൈനയിൽ പ്രാദേശിക വൈദ്യത്തെ ഉപയോഗിച്ച് കൊവിഡ് നിയന്ത്രിച്ചതുപോലെ ആയുർവേദ സാദ്ധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ആർ. കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി ഡോ. വി.ജെ. സെബി എന്നിവർ പറഞ്ഞു.ആയുർരക്ഷാ ക്ലിനിക്കുകൾ വഴി നടത്തുന്ന കൊവിഡ് പ്രതിരോധത്തിനുള്ള അമൃതം, സ്വാസ്ഥ്യം, സുഖായുഷ്യം, ഒരു ലക്ഷണവുമില്ലാത്തതും ഗുരുതരരോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തതുമായ പോസിറ്റീവ് ചികിത്സയ്ക്കുള്ള ഭേഷജം, കൊവിഡാനന്തര ആരോഗ്യ പുന:സ്ഥാപനത്തിന് പുനർജനി എന്നീ പദ്ധതികൾ കൂടുതൽ ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞാൽ രോഗികളുടെ ആശുപത്രിവാസം കുറയ്ക്കാൻ കഴിയുമെന്നും അവർ പറഞ്ഞു.