പെരുമ്പാവൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പെരുമ്പാവൂരിൽ സന്നദ്ധസേന രൂപീകരിക്കുമെന്ന് നിയുക്ത എം.എൽ.എ എൽദോസ് കുന്നപ്പിള്ളി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും 10 പേർക്കാണ് അവസരം. സേവനമനോഭാവത്തോടെ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനാ പ്രവർത്തകരെ ഉൾപ്പെടുത്തും.
എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്നുള്ള അഞ്ചുകോടിരൂപയും ആവശ്യമെങ്കിൽ ആരോഗ്യമേഖലയിൽ ഈ വർഷം ചെലവഴിക്കും. എല്ലാ പഞ്ചായത്തുകൾക്കും നഗരസഭയ്ക്കും ആരോഗ്യ ഉപകരണങ്ങൾ ലഭ്യമാക്കും. ഓക്‌സിജൻ സൗകര്യത്തോടുകൂടിയുള്ള ആംബുലൻസുകൾ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും എം.എൽ.എ ഫണ്ടിൽനിന്നും നൽകും. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതിന് പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കും സാമൂഹികാരോഗ്യ കേന്ദ്രങ്ങൾക്കും ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ ലഭ്യമാക്കും.
മെഡിസിൻ ചലഞ്ച് പദ്ധതി രണ്ടാംഘട്ടം
പാവപ്പെട്ട രോഗികൾക്ക് മരുന്നുകൾ എത്തിച്ചു നൽകുന്ന മെഡിസിൻ ചലഞ്ച് പദ്ധതിയുടെ രണ്ടാംഘട്ടവും ഇതോടൊപ്പം ആരംഭിക്കും. കഴിഞ്ഞ കൊവിഡ് കാലത്ത് രണ്ടായിരത്തോളം രോഗികൾക്ക് ഇരുപത് ലക്ഷത്തോളം രൂപയുടെ മരുന്നുകൾ എൽദോസ് കുന്നപ്പിള്ളിയുടെ നേതൃത്വത്തിൽ എത്തിച്ചുനൽകിയിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകും. മൂന്ന് പഞ്ചായത്തുകളിൽ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ കുറവുണ്ട്. ഇത് ഡി.എം.ഒയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെയും ജനസംഖ്യ മാനദണ്ഡമാക്കി അതിനനുസരിച്ചു കൊവിഡ് വാക്‌സിൻ വിതരണത്തിനായി നൽകണമെന്ന് യോഗത്തിൽ ആവശ്യം ഉയർന്നു. കൊവിഡ് ഒഴികെയുള്ള മറ്റു രോഗികൾക്ക് ഡോക്ടർമാരെ ഫോണിൽവിളിച്ച് ചികിത്സ തേടുന്നതിന് ടെലി മെഡിസിൻ സൗകര്യം ആരംഭിച്ചിട്ടുണ്ട്.
നഗരസഭ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.ബി. ഹമീദ്, എൻ.പി. അജയകുമാർ, പി.പി. അവറാച്ചൻ, മിനി ബാബു, മനോജ് തോട്ടപ്പിള്ളി, ശിൽപ്പാ സുധീഷ്, ഷിജി ഷാജി, ബ്ലോക്കുതല നോഡൽ ഓഫീസർ ഡോ. അഖില ബീഗം, ആരോഗ്യ സൂപ്പർവൈസർ കെ.എൻ രാധാകൃഷ്ണൻ, ഫയർസ്റ്റേഷൻ അസി. സ്റ്റേഷൻ ഓഫീസർ പി.എൻ. സുബ്രഹ്മണ്യൻ, കുറുപ്പംപടി സബ് ഇൻസ്‌പെക്ടർ ഇസ്മായിൽ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, നോഡൽ ഓഫിസർമാർ എന്നിവർ പങ്കെടുത്തു.