തോപ്പുംപടി: പെരുന്നാളിനോടനുബന്ധിച്ച് ഇന്നും നാളെയും മട്ടാഞ്ചേരിയും പരിസരവും രാത്രിയെ പകലാക്കിയ കച്ചവട തിരക്ക് ഇനി ഓർമ്മയിൽ മാത്രം. മഹാമാരിയുടെ രണ്ടാം വരവ് എല്ലാം തകർത്തു. പെരുനാളിൽപ്രതീക്ഷയർപ്പിച്ച് സാധനങ്ങൾ വാങ്ങിക്കൂട്ടിയ കച്ചവടക്കാർ പെരുവഴിയിലായി. കഴിഞ്ഞ വർഷവും സ്ഥിതി ഇതുതന്നെയായിരുന്നു. തുണി വ്യാപാരികൾ, ചെരിപ്പ് കടകൾ, അത്തറ് കച്ചവടം, മൈലാഞ്ചി കോൺ വ്യാപാരികൾ തുടങ്ങി നിരവധി കച്ചവടക്കാരാണ് കച്ചവടം നഷ്ടപ്പെട്ട് ദുരിതത്തിലായിരിക്കുന്നത്.മട്ടാഞ്ചേരിയാണ് പെരുന്നാൾ രാവിന് പേര് കേട്ട സ്ഥലം. നിലവിൽ ഈ ഭാഗങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ മാത്രമാണുള്ളത്. അവശ്യസാധനങ്ങൾ വാങ്ങാൻ പോലും ആരും പുറത്തിറങ്ങാത്ത സ്ഥിതിയാണ്. പശ്ചിമകൊച്ചിയിലെ മിക്ക വീടുകളിലും കൊവിഡ് രോഗബാധിതരുണ്ട്. പലർക്കും സന്നദ്ധ സംഘടനകളും പൊലീസ് ഉദ്യോഗസ്ഥരുമാണ് മരുന്നും ഭക്ഷണവും വീടുകളിൽ എത്തിച്ചു നൽകുന്നത്.