വൈപ്പിൻ: സഹോദരൻ അയ്യപ്പൻ മിശ്രഭോജനം നടത്തിയ ചെറായി തുണ്ടിടപ്പറമ്പിലെ ചരിത്രഭൂമി സർക്കാർ ഏറ്റെടുക്കുന്ന നടപടിക്രമങ്ങൾ അടിയന്തരപ്രാധാന്യം നൽകി ത്വരിതപ്പെടുത്തുമെന്ന് നിയുക്ത വൈപ്പിൻ എം.എൽ.എ. കെ. എൻ. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. തുണ്ടിടപ്പറമ്പ് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹോദരന്റെ നേതൃത്വത്തിൽ നടന്ന മിശ്രഭോജന വിപ്ലവത്തിന് 1917ൽ വേദിയായ തുണ്ടിടപ്പറമ്പിലെ ചരിത്രപ്രധാന സ്ഥലം ഏറ്റെടുക്കുന്നതിന് സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. അത് പൂർണതയിലെത്തിക്കുന്നതിന് പ്രഥമ പരിഗണനാവിഷയങ്ങളിൽ ഉൾപ്പെടുത്തി നടപടി സ്വീകരിക്കും.
സഹോദരൻ സ്മാരകം സെക്രട്ടറി ഒ. കെ. കൃഷ്ണകുമാർ, അംഗങ്ങളായ ഡോ. കെ. കെ. ജോഷി, കെ.കെ. വേലായുധൻ, വിജ്ഞാനവർദ്ധിനി സഭ പ്രസിഡന്റ് ഇ. കെ. ഭാഗ്യനാഥൻ എന്നിവർ തുണ്ടിടപ്പറമ്പിൽ സന്നിഹിതരായിരുന്നു.