ഹൈക്കോടി വിധി സംവരണം പാലിച്ചുള്ള 6 സർവകലാശാലകളുടെ നിയമനങ്ങൾക്കും ഭീഷണി

ഒറ്റ തസ്തിക നിയമനങ്ങൾ വീണ്ടും സംവരണ അട്ടിമറിക്ക് വഴിയൊരുക്കിയേക്കും

തിരുവനന്തപുരം :സംസ്ഥാനത്തെ സർവകലാശാലകളിൽ വിവിധ വകുപ്പുകളിലെ സമാന തസ്തികകളിലുള്ള അദ്ധ്യാപക ഒഴിവുകൾ ഒറ്റ യൂണിറ്റായി പരിഗണിച്ച് സംവരണതത്വം പാലിച്ചുള്ള നിയമനത്തിന് നിയമസഭയിൽ 2014ൽ സർക്കാർ പാസാക്കിയ ഭേദഗതി നിയമവും ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കി.

ഈ ഭേഗഗതിയനുസരിച്ച്,കേരള സർവകലാശാലയിലെ പ്രൊഫസർ, അസോ. പ്രൊഫസർ, അസി. പ്രൊഫസർ തസ്തികകളിലുള്ള 105 ഒഴിവുകളിൽ നിയമനത്തിന് 2017 നവംബർ 27 ന് പുറപ്പെടുവിച്ച വിജ്ഞാപനവും, 58 നിയമനങ്ങളും റദ്ദാക്കിയതിന് പിന്നാലെയാണിത്. ഈ നിയമ പ്രകാരം,കണ്ണൂർ, എം.ജി,കാലിക്കറ്റ്,കാലടി,നുവാൽസ് സർവകലാശാലകൾ 2014 മുതൽ നടത്തിയ അദ്ധ്യാപക നിയമനങ്ങളും ത്രിശങ്കുവിലായതായി കഴിഞ്ഞ ദിവസം കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഈ നിയമനങ്ങളും റദ്ദാക്കപ്പെടാമെന്ന് മാത്രമല്ല, അദ്ധ്യാപക നിയമനങ്ങൾക്ക് 2014ന് മുമ്പുള്ള മാനദണ്ഡം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യും. വ്യാപക സംവരണ അട്ടിമറികൾക്കാവും ഇത് വഴിയൊരുക്കുക.

കേരള സർവകലാശാല നടത്തിയ നിയമനങ്ങൾക്കെതിരെ കലിക്കറ്റ് സർവകലാശാലയിലെ അദ്ധ്യാപകൻ ഡോ. ജി. രാധാകൃഷ്‌ണപിള്ള ഉൾപ്പെടെ നൽകിയ ഹർജിയിലാണ്, നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി വിജ്ഞാപനവും,നിയമനങ്ങളും ഹൈക്കോടതി റദ്ദാക്കിയത്. പല വകുപ്പുകളിലെ ഒഴിവുകൾ ഒരുമിച്ചു പരിഗണിക്കുമ്പോൾ ചില വകുപ്പുകളിലെ ഒഴിവുകൾ സംവരണ വിഭാഗങ്ങൾക്ക് മാത്രമായി ലഭിക്കുന്ന സാഹചര്യമുണ്ടെന്നും, ഇതു സുപ്രീം കോടതി വിധിക്കു വിരുദ്ധമാണെന്നുമുള്ള ഹർജിക്കാരുടെ വാദം അംഗീകരിച്ചാണ് ജസ്റ്റിസ് അമിത് റാവൽ കഴിഞ്ഞ മാർച്ച് 31ന് വിധി പ്രസ്താവിച്ചത്. തുടർന്ന്, ഒരു മാസത്തിന് ശേഷമാണ്, ആദ്യ ഉത്തരവിലെ ക്ളറിക്കൽ പിശക് തിരുത്താനെന്ന പേരിൽ, നിയമസഭ പാസാക്കിയ സംവരണ നിയമവും റദ്ദാക്കപ്പട്ടതായി വിധിന്യായത്തിൽ വ്യക്തമാക്കിയത്.

സർവകാലാശാലകളിലെ പ്രൊഫസർ,അസോസിയേറ്റ് പ്രൊഫസർ,അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലെ ഓരോ ഒഴിവ് മാത്രം പൊതു വിഭാഗത്തിൽപ്പെടുത്തിയായിരുന്നു 2014 വരെയുള്ള നിയമനങ്ങൾ. പൊതു വിഭാഗത്തിലെ നിയമനം മുന്നാക്കക്കാർക്ക് മാത്രം സംവരണ സമുദായങ്ങൾ പുറന്തള്ളപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ്,സംവരണ നിയമനങ്ങൾ ഉറപ്പാക്കുന്നതിന് 2014ൽ യു.ഡി.എഫ് സർക്കാർ സർവകലാശാലാ നിയമ ഭേഗഗതി നിയമസഭയിൽ പാസാക്കിയത്. തുടർന്നാണ് മൊത്തം ഒഴിവുകൾ ഒരു യൂണിറ്റാക്കി സംവരണം പാലിച്ചുള്ള നിയമനം സാദ്ധ്യമായത്.